കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം മലബാറിലേക്ക്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയവരുടെ വീടുകളിലാണ് ഇന്നലെ എന്‍ഐഎ സംഘം പരിശോധന നടത്തിയത്.
കോഴിക്കോടും മലപ്പുറത്തും എന്‍ഐഎ പരിശോധന നടത്തി. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, പി. റംസാന്, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന .
നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. കോഴിക്കോട് മുക്കം കല്ലുരിട്ടിയിലെ വീട്ടിലും പരിശോധന നടന്നു. ഒരേസമയമായിരുന്നു പരശോധന.
അഞ്ച് പേരും നേരത്തെ അറസ്റ്റിലായ മറ്റ് പ്രതികളുമായി ചേര്‍ന്ന് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തുകയും സൗകര്യമൊരുക്കുകയും ചെയ്തുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . നേരത്തെയും മലബാര്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു.
കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ടി.എം. സംജുവിന്റെ വീട്ടിലും ബന്ധു ഷംസുദ്ദീന്റെ എരഞ്ഞിക്കലിലെ വീട്ടിലും അരക്കിണറിലെ ജ്വല്ലറിയിലും മറ്റുമായിരുന്നു പരിശോധന നടത്തിയത്.
സംജുവിന്റെ വീട്ടില്‍ നിന്ന് എന്‍ഐഎ പരിശോധന നടത്തുകയും ചില രേഖകകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംജുവിനെ എന്‍ഐഎ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷംസുദ്ദീന്റെ വീട്ടിലും പരിശോധന നടത്തിയത്.
സ്വര്‍ണക്കടത്തിന് പിന്നില്‍ മലബാറിലെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ എന്‍ഐഎ കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊഴികളില്‍ നിന്നാണ് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്.
സ്വര്‍ണക്കടത്തിലൂടെ സമാഹരിച്ച പണം തീവ്രവാദസംഘടനകള്‍ക്ക് നല്‍കിയെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ക്കായി എന്‍ഐഎ വടക്കന്‍ ജില്ലകളിലെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.