കൊച്ചി: സ്വര്ണതരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്കി.
കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മ്മേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ സ്വര്ണപണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു.
മണ്ണുനിറച്ച ചാക്കിലേക്ക് സ്വര്‍ണലായനി ഇഞ്ചക്ട് ചെയ്യും
പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയെടുത്ത് സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്നും ശേഖരിച്ച സ്വര്‍ണ തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചു വച്ചിരുന്ന മണ്ണില്‍നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിള്‍ എടുപ്പിച്ചു.
അതിനു ശേഷം പ്രതികള്‍ ഒരു മുറിയില്‍ പ്രത്യേകം തയാറാക്കിയിരുന്ന മേശയ്ക്കു മുകളില്‍ വച്ചിരുന്ന ത്രാസിലേക്ക് സാംപിള്‍ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കി. ഈ സമയം മേശയ്ക്ക് അടിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഒളിപ്പിച്ചിരുന്ന പ്രതികളിലൊരാള്‍ മേശയിലും ത്രാസിലും നേരത്തെ ഉണ്ടാക്കിയിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണ ലായനി ഇന്‍ഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.
ആദ്യം വാങ്ങിയ സാംപിള്‍ മണ്ണില്‍ നിന്നും പ്രൊസസിംഗ് ചെയ്ത് സ്വര്‍ണം ലഭിച്ച തമിഴ്നാട് സ്വദേശികള്‍ പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നല്കി അഞ്ച് ടണ്‍ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. സാംപിളായി എടുത്ത മണ്ണില്‍ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണം ലഭിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ തമിഴ്നാട് സ്വദേശികള്‍ പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു.
സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.പ്രതികള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് സേന്ദമംഗലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.