കൊൽക്കത്ത: പശുക്കളെ വെച്ച് സ്വർണപ്പണയം ആവശ്യപ്പെട്ട് കർഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽവൈറൽ. പശുവിൻപാലിൽ സ്വർണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണപ്പണയം വെക്കാമെന്ന പ്രതീക്ഷയിൽ സുസന്ദ മണ്ഡൽ ദങ്കുനിയിലെ മണപ്പുറം ബ്രാഞ്ചിനെ സമീപിച്ചത്.
“പശുവിൻ പാലിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവിൽ 20 പശുക്കളാണുള്ളത് സ്വർണ്ണ വായ്പ ലഭിക്കുകയാണെങ്കിൽ എനിക്കെന്റെ ബിസിനസ്സ് വിപുലപ്പെടുത്താമല്ലോ എന്നും കർഷകൻ ബ്രാഞ്ചിലെത്തി പറഞ്ഞു.ഒരുമണിക്കൂർ കാത്തുനിന്നിട്ടും വായ്പ ലഭിക്കാത്തതിനാൽ സുസന്ദ പഞ്ചായത്ത് ഓഫീസിലെത്തി പരാതി പറഞ്ഞശേഷമാണ് മടങ്ങിയത്.
ദിവസവും നിരവധി കർഷകരാണ് ലോണ് ആവശ്യപ്പെട്ട് വരുന്നതെന്ന് ചണ്ഡിറ്റാല പഞ്ചായത്ത് അധികൃതർ പറയുന്നു. 15-16 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് സ്വർണ പണയവായ്പ വേണമെന്നാണ് ഇവരുടെ ആവശ്യം.നാടൻ പശുക്കളുടെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷാണ് അടുത്തിടെ ഒരു ചടങ്ങിൽ പ്രസംഗിച്ചത്.
“നാടൻ പശുക്കളുടെ പാലിൽ സ്വർണം കലർന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാൽ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കൾ നമ്മുടെ അമ്മയാണ്. നാടൻ ഇനം പശുക്കൾ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല. വിദേശികളെ ഭാര്യയാക്കിയവർ പലരുമുണ്ട്. അവരൊക്കെ കുഴപ്പത്തിൽ ചാടിയിട്ടേയുള്ളൂ’ എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം.
വിദേശ പശുക്കളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യൻ പശുക്കൾക്ക് പൂഞ്ഞയുണ്ടെന്നും ഈ പൂഞ്ഞയിലെ കുഴൽ സ്വർണനാരി എന്നാണറിയപ്പെടുന്നതെന്നും സൂര്യപ്രകാശം പൂഞ്ഞയുടെ മേൽ ഏൽക്കുന്പോൾ ഈ കുഴലിൽ സ്വർണ്ണം ഉത്പാദിപ്പിക്കപ്പെടുകയാണെന്നുമാണ് ദിലീപ് ഘോഷിന്റെ സിദ്ധാന്തം.
ഈ പ്രസംഗത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇദ്ദേഹത്തിന് വലിയ വിമർശനമേൽക്കേണ്ടി വന്നിരുന്നു. വിവാദം ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് സ്വർണവായ്പ ആവശ്യപ്പെട്ട് കർഷകൻ പശുവുമായി ബാങ്കിലെത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട ട്രോളുകൾ കണ്ട് തെറ്റുധരിച്ചായിരിക്കാം കർഷകൻ ബാങ്കിലെത്തിയതെന്നാണ് കരുതപ്പെടുന്നത്.