ഏറ്റുമാനൂരിൽനിന്നു മുക്കൂട്ടുതറയിലെത്തിയതിനിടെ ഉത്സവതിരക്കിൽ നഷ്ടപ്പെട്ട സ്വർണ ചെയിൻ ദിവസങ്ങൾക്ക് ശേഷം യുവതിക്ക് തിരികെ കിട്ടിയത് നന്മകൾ നിറഞ്ഞ നിരവധി കൈകളിലൂടെ. അതിന് വഴിയൊരുങ്ങിയതാകട്ടെ രണ്ട് യുവാക്കളിൽനിന്നും.
കഴിഞ്ഞ ദിവസം മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. മുട്ടപ്പള്ളിയിൽനിന്നു വിവാഹിതയായി ഏറ്റുമാനൂരിൽ കുടുംബമായി താമസിക്കുന്ന യുവതി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതിനിടെ കൈയിൽനിന്നു ചെയിൻ ഊർന്ന് വീണ് കാണാതാവുകയായിരുന്നു.
പലേടത്തും തെരഞ്ഞെങ്കിലും കാണാതായതോടെ യുവതി തിരികെ മടങ്ങി.ഇതിനിടെ ഉത്സവ ആറാട്ട് ഘോഷയാത്ര കാണാൻ മുക്കൂട്ടുതറ ടൗണിൽ എത്തിയ പാണപിലാവ് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ കോയിക്കലേത്ത് ഹരിപ്രസാദ്, ശാന്തി മന്ദിരം അഭിഷേക് സുനിൽ എന്നിവർക്ക് ടൗണിൽ റോഡരികിൽ വീണു കിടന്ന നിലയിൽ ചെയിൻ കിട്ടി.
ഇവർ ഉത്സവത്തിന്റെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ചെയിൻ കൈമാറി. സ്റ്റേഷനിൽനിന്നു ലഭിച്ച നിർദേശപ്രകാരം ക്ഷേത്ര ഭാരവാഹികളെ കണ്ട് പോലീസുകാരൻ ചെയിൻ ഏൽപ്പിച്ചു.
ഉത്സവപരിപാടികൾ നടക്കുന്ന സ്റ്റേജിൽ മൈക്കിലൂടെ പലതവണ ഭാരവാഹികൾ അറിയിപ്പ് നൽകിയിട്ടും ഉടമയെ കണ്ടെത്താനായില്ല. ഇതോടെ ഭാരവാഹികൾ ചെയിൻ പോലീസിന് തിരികെ കൈമാറി.
ഇതിന് പിന്നാലെ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ടുപേർ സ്റ്റേഷനിൽ എത്തി. ഈ ചെയിൻ അല്ല തനിക്ക് നഷ്ടപ്പെട്ടതെന്ന നിജസ്ഥിതി അറിയിച്ച് ആദ്യത്തെ ആൾ മടങ്ങി.
രണ്ടാമത്തെ ആൾ നൽകിയ അടയാളങ്ങൾ ശരിയാണെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. യുവതിയുടെ മുട്ടപ്പള്ളിയിലുള്ള ബന്ധുക്കളാണ് സ്റ്റേഷനിൽ എത്തിയത്.
ചെയിൻ കണ്ടെടുത്ത യുവാക്കളെ സ്റ്റേഷനിൽ പോലീസ് വിളിച്ചു വരുത്തിയ ശേഷം യുവാക്കളെ കൊണ്ട് ചെയിൻ കൈമാറി.
നഷ്ടപ്പെട്ട ചെയിൻ ഇനി കിട്ടില്ലെന്ന് കരുതി ഏറെ ദുഃഖത്തിലായിരുന്നു മകളെന്ന് പറഞ്ഞ മാതാപിതാക്കൾ സത്പ്രവൃത്തി ചെയ്ത യുവാക്കളോടും ക്ഷേത്ര ഭാരവാഹികളോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിച്ചു.