നെടുമ്പാശേരി: വിമാനത്തിലെ ശുചിമുറിയിൽനിന്നു രണ്ട് കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി12 ഒാടെ നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നുമാണ് 11 സ്വർണ ബിസ്ക്കറ്റുകളും ഒരു മാലയും ഉൾപ്പെടെ കണ്ടെത്തിയത്.
റിയാദിൽ നിന്നു വിമാനമെത്തി യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം ക്ളീനിംഗിനിടെയാണ് സ്വർണം കണ്ടെത്തിയത്. പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. യാത്രക്കാരിൽ ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യത. ചില സന്ദർഭങ്ങളിൽ കസ്റ്റംസ് ആൻഡ് എയർ ഇന്റലിജൻസ് വിഭാഗം വിമാനത്തിൽ നിന്നും യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പ് പരിശോധനക്ക് കയറാറുണ്ട്.
ഇത്തരത്തിൽ പരിശോധന സംശയിച്ച് ആരെങ്കിലും ഉപേക്ഷിച്ചതാകാനുള്ള സാധ്യതയുണ്ട്. അല്ലാത്ത പക്ഷം വിമാനത്തിലെ ഏതെങ്കിലും ജീവനക്കാരെ ഉപയോഗിച്ച് സ്വർണം പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം കൊച്ചി വിമാനത്താവളത്തിൽ ശുചി മുറിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ചുകിലോ സ്വർണവും എട്ടുകിലോ സ്വർണമിശ്രിതവും പിടികൂടിയിരുന്നു.