വടകര: സ്വര്‍ണ വ്യാപാരിയുടെ 46 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. ചേരാപുരം കുഞ്ഞിപ്പറമ്പില്‍ കെ.പി.ശ്വേതില് എന്ന ചിക്കു (27), കക്കട്ടില്‍ നെട്ടൂര്‍ കിഴക്കേ തൊള്ളാംപാറ സജിത്ത് എന്ന മത്തായി (30) എന്നിവരാണ് ഹൈക്കോടതി നിര്‍ദേശാനുസരണം കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര സിഐ മുമ്പാകെ കീഴടങ്ങിയത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡി.ശ്രീജ മുമ്പാകെ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസിലെ അഞ്ചാം പ്രതി വേളം ചേരാപുരം വലിയ പറമ്പില്‍ എന്‍.പി.സുവനീത് (28), കുറ്റ്യാടി നിട്ടൂര്‍ കുഞ്ഞിതയ്യുള്ള പറമ്പത്ത് സവിനേഷ് (32) എന്നിവര്‍ കഴിഞ്ഞ ദിവസം വടകര സ്റ്റേഷനില്‍ ഹാജരായി റിമാന്‍ഡിലായിരുന്നു.
മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. കല്ലാച്ചി വരിക്കോളി സ്വദേശി കായല്‍ വലിയത്ത് രാജേന്ദ്രന്റെ കഴുത്തിന് കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ദേശീയ പാതയിലെ കൈനാട്ടിയില്‍ വെച്ചാണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്.
പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉരുക്കിയ സ്വര്‍ണം നല്‍കാമെന്ന വ്യാജേനയാണ് സ്വര്‍ണപണിക്കാരനായ രാജേന്ദ്രനെ പ്രതികള്‍ സമീപിച്ചത്. നാദാപുരത്തെ സ്വര്‍ണ വ്യാപാരിക്ക് വേണ്ടിയാണ് ഉരുക്കിയ സ്വര്‍ണം വാങ്ങാന്‍ ഇടനിലക്കാരനായ അഖിനിനോടൊപ്പം പോയത്. നാദാപുരത്തെ വ്യാപാരിയില്‍ നിന്നു സ്വര്‍ണം വാങ്ങി നല്കാന് രാജേന്ദ്രന് 46 ലക്ഷം രൂപയും വാങ്ങി.
പണവുമായി അഖിനിനോടൊപ്പം രാജേന്ദ്രന് കാറില്‍ കൈനാട്ടിയില്‍ എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് അഞ്ചംഗ സംഘം കച്ചവടം ഉറപ്പിക്കാന്‍ കാറില്‍ കയറിയത്. സ്വര്‍ണം നല്‍കാതെ പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.