ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണാഭരണ നിർമാണ ഉടമയുടെ വീട്ടിൽനിന്ന് അമ്പതു പവനോളം സ്വർണവും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ ഒളിവിൽപോയ മുഖ്യസൂത്രധാരൻ അറസ്റ്റിൽ.
കണ്ണൂർ ശങ്കരനല്ലൂർ നെഹാല മഹൽ ഹാരിസിനെ (52) യാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.മൂന്നു മാസത്തോളമായി ഹാരിസ് ഡൽഹി, മുംബൈ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് പിടികൂടിയത്.
കൂത്തുപറമ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഹാരിസിന്റെ ഭാര്യ സുഹറയെ കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് സേട്ട് എന്നയാളുടെ വീട്ടിലാണ് അഞ്ചംഗസംഘം എത്തി കവർച്ച നടത്തിയത്.