വൈപ്പിന്‍: സുഹൃത്തിന്റെ വീട്ടില്‍നിന്ന് എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പോലീസുകാരന് അറസ്റ്റില്‍. ഞാറക്കല്‍ പെരുമ്പിള്ളി അസീസി സ്കൂളിന്റെ ഭാഗത്ത് താമസിക്കുന്ന കൊച്ചി സിറ്റി എ ആര് ക്യാമ്പിലെ പോലീസുകാരൻ അമല്‍ ദേവ് (35) ആണ് അറസ്റ്റിലായത്.
അമൽദേവിന്റെ സുഹൃത്തായ നിബിന്റെ ഭാര്യയുടേതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍. 13നാണ് മോഷണം നടക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ഈ സമയം സുഹൃത്തിന്റെ ഭാര്യ സ്ഥലത്തുണ്ടായില്ല. 16ന് ഇവര്‍ തിരികെ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ അമല്‍ ദേവ് വീട്ടില്‍ കയറുന്നതും മറ്റും കണ്ടതായി ചില പരിസരവാസികള്‍ വീട്ടുകാരെ അറിയിച്ചു.
ഈ തുടര്‍ന്ന് നിബിന്റെ പിതാവ് നടേശന് നല്കിയ പരാതിയില്‍ ഞാറക്കല്‍ സിഐ രാജന് കെ അരമന അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷ്ടിച്ച മുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വിനയായത് ഓണ്‍ ലൈന്‍ റമ്മികളി
പോലീസുകാരനായ അമല്‍ ദേവിനെ സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വര്‍ണം മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചത് ഓണ്‍ ലൈന്‍ റമ്മികളിയിലൂടെ സംഭവിച്ച കനത്ത സാമ്പത്തിക ബാധ്യതയെന്ന് സൂചന.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സൂചിപ്പിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാത്രമല്ല ഓണ്‍ലൈന്‍ കളിയില്‍ ഭ്രമം മൂത്ത ഇയാള്‍ സൃഹൃത്തുക്കളില്നിന്നും പണം കടം വാങ്ങിയിട്ടുള്ളതായും അറിയുന്നു.
മോഷണത്തിനു ഒരാഴ്ചമുമ്പേ ഒരു ലക്ഷം രൂപക്ക് വേണ്ടി ഇയാള്‍ പലരേയും സമീപിച്ചിരുന്നുവത്രേ.എങ്ങുനിന്നും ലഭിക്കാതെ വന്നതോടെയാണ് അവസാനം മോഷണത്തിനിറങ്ങിയത്.
ചെറുപ്പം മുതലെ ഒന്നിച്ച് പഠിച്ച് വളര്‍ന്ന സുഹൃത്തിന്റെ വീട്ടില്‍ പോലീസുകാരനു എപ്പോള്‍ വേണമെങ്കിലും കയറി ഇറങ്ങാന്‍ സര്വ്വസ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതു മുതലാക്കിയാണ് ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നു തന്നെ മോഷണം നടത്തിയത്.