പാപ്പിനിശേരി: വീട് പൂട്ടി മലപ്പുറത്തെ ബന്ധുവീട്ടിൽ പോയ സമയം വീട്ടിൽ കവർച്ച. സ്വർണാഭരണങ്ങൾ അടക്കമുള്ള വിലകൂടിയ നിരവധി സാധനങ്ങൾ കവർന്നതായാണ് വിവരം. പാപ്പിനിശേരിയിലെ ഒരു ഗൾഫുകാരന്റെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലാണ് കവർച്ച നടന്നത്.
ഗൾഫുകാരന്റെ ബന്ധത്തിലുള്ള മലപ്പുറം ജില്ലയിൽ കല്യാണം കൂടാൻ കുടുംബസമേതം ബുധനാഴ്ച രാവിലെ നാലിന് വീട് പൂട്ടി പുറപ്പെട്ടു. ആഭരണങ്ങൾ വീട്ടിലെ മുതിർന്ന സ്ത്രീകൾ പറഞ്ഞപ്രകാരം വർക്ക് ഏരിയയിൽ ഉപയോഗിക്കാതെ വച്ച വാഷിംഗ് മെഷീനിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചു.
സംശയം തോന്നാതിരിക്കാൻ കുറച്ചു പച്ചതേങ്ങയും മുകളിൽ ഇട്ടു. വർക്ക് ഏരിയയിൽ ഉള്ള ഗ്രിൽസ് മുറിച്ച മോഷ്ടാക്കൾ വാഷിംഗ് മെഷീൻ അടക്കമുള്ള പല സാധനങ്ങൾ കവർന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും നഷ്ടപ്പെട്ട നിലയിൽ ആണ്. നാണക്കേട് ഓർത്തു പോലീസിൽ പോലും പരാതി പറഞ്ഞില്ല.
മുതിർന്ന സ്ത്രീ വാശി പിടിച്ചതു കാരണം ആഭരണങ്ങൾ നഷ്ടപ്പെട്ടതിനെ ചൊല്ലി യുവതികൾ തമ്മിലുള്ള വാക്കേറ്റം ആണ് കവർച്ച പുറത്ത് വരാൻ കാരണമായത്. മൂന്ന് നെക്ലെയ്സ്, ആറു മാല,ഇരുപത് വളകൾ,പത്ത് മോതിരം എന്നിവയടക്കം എൺപത് പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു.വാഷിംഗ് മെഷീൻ ഡോർ റോഡിൽ ഉപേക്ഷിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് കവർച്ച പുറത്ത് അറിഞ്ഞത്.