തൃശൂർ: തൃശൂരിൽനിന്ന് കോയമ്പത്തൂരിലേക്കു കൊണ്ടുപോകുന്നതിനിടെ കല്യാണ് ജ്വല്ലറിയുടെ 98.05 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ വാഹനം സഹിതം കവർന്നു. വാളയാറിനു സമീപം ചാവടിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു കവർച്ച.
കല്യാണിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സൈലോ വാഹനത്തെ സ്കോർപ്പിയോ, ഓൾട്ടോ എന്നീ വാഹനങ്ങളിലെത്തിയ കവർച്ചാസംഘം തടഞ്ഞുനിർത്തി. ജീവനക്കാരെ ബലമായി പുറത്തിറക്കി വാഹനവും സ്വർണവുമായി കവർച്ചക്കാർ കടക്കുകയായിരുന്നു. ആഭരണങ്ങളുടെ രേഖകളും ഇതോടൊപ്പം നഷ്ടമായി. സ്വർണത്തിനു പുറമേ വെള്ളി ആഭരണങ്ങളും വാഹനത്തിലുണ്ടായിരുന്നു.
കമ്പനി ഡ്രൈവർമാരായ അർജുൻ, വിൽഫ്രഡ് എന്നിവരാണ് ആഭരണങ്ങളുമായി കോയമ്പത്തൂരിലേക്കു പോയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ് അധികൃതർക്കു പരാതി നൽകിയതായി കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു.