പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അൽഫോൻസ് പുത്രൻ ചിത്രം “ഗോൾഡ്’ റോൾഡ് ഗോൾഡാണെന്നാണ് പ്രേക്ഷക പ്രതികരണം.
ഇത്രയധികം കാത്തിരുന്ന് കണ്ട ചിത്രം നിരാശയാണ് സമ്മാനിച്ചതെന്നും ആസ്വാദകർ വിലയിരുത്തുന്നു. പുതുമകളൊന്നുമില്ലെന്ന് സംവിധായകൻ പറഞ്ഞ പോലെ തന്നെയാണ് ചിത്രവും എത്തിയിരിക്കുന്നത്.
താരപകിട്ടിന് അപ്പുറം മറ്റൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്.
എന്നാൽ കൈയടി നൽകേണ്ടതും മനസിരുത്തി പൊട്ടിച്ചിരിക്കാവുന്നതുമായ തമാശകൾ ഗോൾഡിനെ കുറച്ചെങ്കിലും ജീവസുറ്റതാക്കുന്നു.
അമർ അക്ബർ അന്തോണിക്ക് ശേഷം കോമഡി ചെയ്യുന്നതിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷി എന്ന കഥാപാത്രത്തിന് മാർക്ക് നൽകാൻ കഴിയുമെന്ന് പ്രേക്ഷകർ പറയുന്നു.
നയൻതാര ചെയ്ത സുമഗംലി എന്ന കഥാപാത്രത്തെക്കാളും സ്ക്രീനിൽ സ്പേസുള്ളത് പുൽചാടി, പ്രകൃതി, ഉറുന്പ് തുടങ്ങിയവയ്ക്കാകും എന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല എന്നാണ് വിശ്വാസം.
നായിക എന്ന വാക്കിന് അപ്പുറത്ത് കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്കില്ല എന്നതായിരുന്നു മറ്റൊരു വാസ്തവം.
കഥാപാത്രങ്ങൾ നിരവധി വന്നു പോകുന്നുണ്ടെങ്കിലും ആസ്വാദകന്റെ മനസിൽ നിൽക്കുന്നത് കുറച്ച് കഥാപാത്രങ്ങൾ മാത്രമാണ്.
അവയിൽ എടുത്തു പറയേണ്ടവയാണ് ബാബു രാജ് അവതരിപ്പിച്ച രാജേഷ് മഞ്ഞപ്ര എന്ന പോലീസ് കഥാപാത്രം, ലാലു അലക്സ് ചെയ്ത ഐഡിയ ഷാജി, ഉണ്ണി കൃഷ്ണനായെത്തുന്ന ഷമ്മി തിലകൻ, വിനയ് ഫോർട്ടിന്റേതും.
നീതി പുലർത്താവുന്ന വളരെ രസകരമായി കോമഡി ടൈമിംഗാണ് ഇവരുടെയെല്ലാം. യഥാസമയം വളരെ വേഗത്തിൽ വന്നുപോയവരും നിരവധിയുണ്ട്.
ചിത്രത്തിന്റെ ഓപ്പണിംഗ് സീൻ കാണുന്പോൾ പ്രേക്ഷകൻ ഉറപ്പായും വിചാരിക്കും ഈ സിനിമ അത്രത്തോളം പിടിച്ചിരുത്തുമെന്ന്.
എന്നാൽ ആദ്യ പകുതി നിരാശയും അതിനപ്പുറം ലാഗും സമ്മാനിക്കുന്പോൾ പ്രതീക്ഷയുടെ ചെറിയ കണിക വീഴുന്നത് രണ്ടാം പകുതിയിലാണെന്നും പ്രേക്ഷകർ പറയുന്നു.
ചിത്രത്തിൽ എടുത്തു പറയേണ്ടതും നീതി പുലർത്തിയതുമായ കാര്യങ്ങളാണ് പശ്ചാത്തല സംഗീതവും എഡിറ്റിംഗും എന്നു പറയാനും മടിയില്ല.
ഒന്നാം പകുതിയെ സീറ്റിൽ തന്നെ ഇരുപ്പുറപ്പിക്കാൻ സഹായിച്ചത് പശ്ചാത്തല സംഗീതം മാത്രമാണ്.
അതിന് രാജേഷ് മുരുകേശന് അഭിനന്ദനങ്ങൾ. അതിനൊപ്പം തന്നെ സംവിധായകൻ എഡിറ്റിംഗ് ടേബിളിൽ മികവ് പുലർത്തി എന്നും പറയണം.
185 മിനിറ്റുള്ള ഈ ചിത്രത്തിനായി കാത്തിരുന്നവരിൽ കുറച്ചുപേരെങ്കിലും നിരാശരാണെന്ന് പറയാതിരിക്കാൻ വയ്യ.
മല്ലിക സുകുമാരൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, അജ്മൽ അമീർ, ശബരീഷ് വർമ, അബു സലിം, ചെമ്പൻ വിനോദ്, ദീപ്തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, അൽത്താഫ്, പ്രേംകുമാർ, കൃഷ്ണശങ്കര്, ശരത് സക്സേന, സുധീഷ്, ഇടവേള ബാബു, ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി, തെസ്നി ഖാൻ, ജസ്റ്റിൻ, സാബുമോൻ, ജോളി മൂത്തേടൻ തുടങ്ങി നിരവധി താരങ്ങൾ വന്നു പോകുന്നുണ്ട്.
അവകാശ വാദങ്ങളൊന്നും ഉന്നയിക്കാതെയാണ് സംവിധായകനും അണിയറ പ്രവർത്തകരും ചിത്രം കൊണ്ടുവന്നതെങ്കിലും അൽഫോൻസ് പുത്രൻ എന്ന സംവിധായകനിൽ നിന്നും കുറച്ചു കൂടി പ്രതീക്ഷിച്ചിരുന്നു എന്നതാണ് വാസ്തവം.