കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ ചോദ്യം ചെയ്യാന്‍ സിബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക്.
മലപ്പുറം സ്വദേശിയായ പ്രധാന പ്രതിയുടെ സുഹൃത്തും തൊടുപുഴ സ്വദേശിയുമായ മുഹമ്മദ് റസാലിനെ ചോദ്യം ചെയ്യാനായാണ് മറ്റെന്നാള്‍ സിബ്രാഞ്ച് സംഘം തെലങ്കാനയിലേക്കു പുറപ്പെടുന്നത്.
വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
സമാന്തര എക്സ്ചേഞ്ച്
അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലുള്‍പ്പെടെ സംസ്ഥാനത്തു സജീവമായുള്ള സ്വര്‍ണക്കടത്ത് സംഘം സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നോ എന്നതും റസാലിനെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്താവും.
ഇതോടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ആശങ്കയിലാണ്. പല ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വരെ സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമാണുള്ളത്. “അവിഹിത ബന്ധത്തിന്റെ ‘ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ നേതാക്കള്‍ സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വരുംദിവസങ്ങളില്‍ രാഷ്ട്രീയ വിവാദമായി മാറാനുള്ള സാധ്യതയും ഏറെയാണ്.
സമാന്തര എക്സ്ചേഞ്ച് കേസിന് തീവ്രവാദ ബന്ധമുണ്ടന്നു ബിജെപി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് സംഘം രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളേയും ബന്ധപ്പെട്ടതായുള്ള വിവരവും റസാലില്നിന്നു സിബ്രാഞ്ച് സംഘം ചോദിച്ചറിയും.
കസ്റ്റംസും രംഗത്ത്
നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്ണകടത്തിവരുടെയും അത് കൈപ്പറ്റിയവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇതരസംസ്ഥാനത്തുള്ള സിമ്മുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മണിപ്പൂര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ളവരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് ചില പ്രതികള്‍ ഉപയോഗിച്ചത്.
നയതന്ത്ര സ്വര്‍ണക്കടത്തില്‍ പങ്കുള്ള കോഴിക്കോട്, കോര്പറേഷന് പരിധിയിലുള്ള പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മണിപ്പൂര്‍ സ്വദേശിയുടെ പേരിലുള്ള സിമ്മായിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളുടെ സിംകാര്‍ഡ് ഉപയോഗിച്ചതാണെന്ന് കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഇതല്ലന്നു വ്യക്തമായി.
വെറും സിം അല്ല
എന്നാല്‍ സിമ്മിനെകുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ല. മണിപ്പൂരില്‍ നിന്നുള്ളയാളുടെ പേരിലുള്ള സിം ഉപയോഗിച്ച് കോഴിക്കോട് സ്വദേശി നയതന്ത്ര സ്വര്‍ണക്കടത്തില്‍ പങ്കാളിയായെന്ന് കസ്റ്റംസ് കരുതി.
കോടതിയിലും ഇക്കാര്യം കസ്റ്റംസ് അറിയിച്ചു. എന്നാല്‍ സമാന്തര എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സൗകര്യം ഉപയോഗിക്കാനുള്ള സാധ്യത കസ്റ്റംസ് മനസിലാക്കുന്നത്.
റസലിനെ സിബ്രാഞ്ച് ചോദ്യം ചെയ്യുന്നതിലൂടെ നയതന്ത്ര കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചത്.
ആവശ്യമെങ്കില്‍ റസലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
സിം ശേഖരവും റസലും
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാന്തര എക്സ്ചേഞ്ചുകളിലേക്ക് ആവശ്യമായ സിമ്മുകള്‍ സംഘടിപ്പിക്കുന്നതു മുഹമ്മദ് റസാലാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളുടേയും മറ്റും പേരിലാണ് സിംകാര്‍ഡുകള്‍ ഒരുമിച്ചു സംഘടിപ്പിക്കുന്നത്.
സ്വര്‍ണക്കടത്ത് സംഘത്തിനു സിമ്മുകള്‍ എത്തിക്കുന്ന റസാലിനെ കുറിച്ചു കോഴിക്കോട്ടെ കേസില്‍ പിടിയിലാവാനുള്ള ചാലപ്പുറം സ്വദേശി ഷബീര്‍ അറിയുകയും സമാന്തര എക്സ്ചേഞ്ചിലേക്ക് സിമ്മുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സിംകാര്‍ഡുകള്‍ ദക്ഷിണേന്ത്യയിലെ സമാന്തര എക്സ്ചേഞ്ചുകള്‍ക്കായി വിതരണം ചെയ്യുന്നതു റസലാണെന്നാണ് സിബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. കോഴിക്കോടുനിന്നുമാത്രം 750 സിംകാര്ഡുകളായിരുന്നു കണ്ടെത്തിയത്.
സൈബര്‍ വിദഗ്ധരും
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു കണ്ടെത്തിയ എക്സ്ചേഞ്ചുകള്ക്കെല്ലാം പൊതുവെ ഒരേ രീതിയാണുള്ളത്. അതിനാല്‍ ഒരേ സംഘമാണന്നാണ് സംശയിക്കുന്നത്.
ഇതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സൈബര്‍ വിദഗ്ധര്‍ ആവശ്യമാണ്. അതിനാലാണ് അന്വേഷണസംത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്.
750 ഓളം സിമ്മുകളാണ് കോഴിക്കോടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍നിന്നു മാത്രം കണ്ടെടുത്തത്. ഇതിലൂടെ നടന്ന മുഴുവന്‍ ആശയവിനിമയത്തിന്റെയും വിവരങ്ങള്‍ പരിശോധിക്കും.
പ്രധാനപ്രതി ഇബ്രാഹിമിന്റെ ലാപ്ടോപില്‍നിന്നും മൊബൈലില്‍ നിന്നും ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവ വിശദമായി പരിശോധിക്കാനും സൈബര്‍ സംഘം ആവശ്യമാണ്.