കോഴിക്കോട്: സ്വര്‍ണം കൊണ്ടുവരുന്ന കാറാണെന്നു തെറ്റിദ്ധരിച്ചു യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന സംശയമുയര്‍ന്നിട്ടും കേസ് പോലീസ് “മുക്കി’.
കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കൂടുതല്‍ അന്വേഷിക്കാതെ പോലീസ് അവസാനിപ്പിച്ചത്. ബംഗളുരു സ്ഫോടന കേസ്, കാഷ്മീര്‍ റിക്രൂട്ട്മെന്റ് കേസ് തുടങ്ങി നിരവധി തീവ്രവാദ കേസുകളില്‍ പങ്കുള്ള തടിയന്റവിട നസീറിന്റെ ബന്ധുവിന് സംഭവത്തില്‍ പങ്കുണ്ടെന്നു വ്യക്തമായ സൂചന പോലീസിനു ലഭിച്ചിരുന്നു.
എന്നാല്‍ കൂടുതല്‍ അന്വേഷിക്കാനോ പ്രതികളെ കണ്ടെത്താനോ പോലീസിനായില്ല. കേസിലുള്‍പ്പെട്ട ഒരാളെ മാത്രമായിരുന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തൃശൂരില്‍ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാവും ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നതായാണ് പോലീസ് നല്കുന്ന വിവരം.
2018 സെപ്റ്റംബര്‍ ഏഴിനാണ് ദുബായില്‍നിന്നു സ്വര്‍ണം കൊണ്ടുവരുന്ന കാറാണെന്ന് തെറ്റിദ്ധരിച്ചു മുക്കം സ്വദേശിയായ മുഹമ്മദ് ജംനാസ് സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയെടുത്തത്.
പൊറ്റമ്മല്‍ ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. ഗള്‍ഫില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം കോഴിക്കോട് ഭാഗത്തേക്കു വരുന്നതിനിടെയാണ് മുക്കം കുമാരനല്ലൂര്‍ മമ്പാട്ട് വീട്ടില്‍ മുഹമ്മദ് ജംനാസും സുഹൃത്തുക്കളും ആക്രമണത്തിനിരയായത്.
സുഹൃത്തുക്കളായ തണ്ണീര്‍പന്തല്‍ സ്വദേശി ഷിയാദിനും പൂളക്കടവ് സ്വദേശി മനാഫിനുമൊപ്പമാണ് മുഹമ്മദ് ജംനാസ് കെഎല്‍ 11 എഎല്‍ 1666 നമ്പര്‍ കാറില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് അശോക ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ജംനാസ് പോകവേയാണ് അക്രമം നടന്നത്.
തട്ടിയെടുക്കപ്പെട്ട കാര്‍ മണിക്കൂറുകള്‍ക്ക് ശേഷം അഴിഞ്ഞിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശിയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നു പോലീസിന് സംശയമുണ്ടായിരുന്നു. ആക്രമണത്തിനിരയായ മുക്കം കുമാരനല്ലൂര്‍ മമ്പാട്ട് വീട്ടില്‍ മുഹമ്മദ് ജംനാസ് വിദേശത്തുനിന്നു വന്ന അതേ വിമാനത്തില്‍ കൂത്തുപറമ്പ് സ്വദേശിയും ഉണ്ടായിരുന്നു.
ഇവരെ നാട്ടിലേക്കു കൊണ്ടുപോവാനായി കൂത്തുപറമ്പില്‍ നിന്നും ആള്‍ട്ടോ കാറും വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഈ സമയം തന്നെയാണ് ജംനാസിന്റെ സുഹൃത്തുക്കളും ആള്‍ട്ടോ കാറുമായി കരിപ്പൂരിലെത്തിയത്. ഇതാണ് സംശയത്തിനു വഴിയൊരുക്കിയത്.
അതിനിടെയാണ് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ചു ചില സൂചനകള്‍ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
തിരുവല്ല നിരണം മുണ്ടനാരില്‍ വീട്ടില്‍ ശ്രീധരന്റെ മകന് അജീഷ് അഭി(30)നെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഒന്നരമാസമായി മൊബൈല്‍ കോളുകളും ടവര്‍ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളെ പിടികൂടാനായത്.
കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. അതേസമയം തൃശൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന നസീറിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് ശ്രമിച്ചിരുന്നില്ല. ടു