സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണകടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണം തുടരുമ്പോഴും വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം പൂര്‍ണമായും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയാകുന്നു.
കോഴിക്കോട് ജ്വല്ലറിയില്‍നിന്നു കണ്ടെടുത്ത മൂന്നുകിലോയില്‍ (3.45 ) അധികം വരുന്ന സ്വര്‍ണം മാത്രമാണ് ഇപ്പോള്‍ കസ്റ്റംസിന് ജില്ലയില്‍നിന്നു കണ്ടെത്താനായത്. കോഴിക്കോട്ടെയും കൊടുവള്ളിയിലെയും പ്രമുഖ ജ്വല്ലറികളിലും ആഭരണ നിര്‍മാണശാലകളിലും സ്വര്‍ണം ചില്ലറയായി വിറ്റഴിക്കപ്പെട്ടുവെന്നാണ് കസ്റ്റംസ് അന്വേഷണത്തില്‍ ഇതിനകം വ്യക്തമായത്.
എന്‍ഐഎ അന്വേഷണപരിധിയില്‍ ‘ചില്ലറ’ കേസുകള്‍ വരാത്തതിനാല്‍ ആശ്വാസത്തിലാണ് പലരുമെന്ന് അന്വേഷണസംഘം തന്നെ വെളിപ്പെടുത്തുന്നു. തീവ്രവാദബന്ധത്തിന് കടത്തികൊണ്ടുവന്ന സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും എന്‍ഐഎ അന്വേഷിക്കുന്നത്.
വമ്പന്‍ സ്രാവുകളെ ലക്ഷ്യമിട്ടുള്ള അന്വേഷണപരിധിയില്‍നിന്നു ചെറുമീനുകള്‍ രക്ഷപ്പെടാനാണ് സാധ്യതയെന്ന് ലോക്കല്‍ പോലീസും പറയുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ ഒരു ഭാഗംമാത്രമേ ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് പിടിച്ചിട്ടുള്ളു. ബാക്കി എവിടേ എന്ന ചോദ്യമാണ് ഉയരുന്നത്.
സ്വര്‍ണം കണ്ടെത്താനായില്ലെങ്കില്‍ അത് അന്വേഷണത്തിന്റെ തുടര്‍ച്ചയെ ബാധിക്കും. അതേസമയം അന്വേഷണം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയര്‍ത്തി വഴിതിരിച്ചുവിടാനും നീക്കമുണ്ട്.