തൃശൂർ: സ്വർണാഭരണ നിർമാണ തൊഴിലാളികളെ ദേഹപരിശോധന നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കടകളടച്ച് പ്രതിഷേധിച്ചു.
പുത്തൻപള്ളി പരിസരങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന സ്വർണപ്പണിക്കാരെ തെരഞ്ഞുപിടിച്ചു സ്വർണം കണ്ടെത്താനായി ദേഹപരിശോധന നടത്തിയതിനെതിരേയാണു പ്രതിഷേധം.
ജിഎസ്ടി പിരിക്കലിനെതിരല്ല അതു പിരിക്കപ്പെടേണ്ടിടത്തല്ല പരിശോധനകൾ നടത്തുന്നതെന്നതാണു തൊഴിലാളികളുടെ പരാതി.
ഒരു സ്വർണാഭരണ തൊഴിലാളി ഏതൊക്കെ രേഖകൾ കൈവശം വയ്ക്കണമെന്ന് കൃത്യമായി ജിഎസ്ടി ഉദ്യോഗസ്ഥർക്ക് പറയാൻ സാധിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു.
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.
നിർമാണശാലകളും മറ്റു അനുബദ്ധ ശാലകളും, മൊത്ത വിതരണ റീട്ടേയിൽ വ്യാപാരികളും കടകളടച്ച് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
സ്വർണാഭരണ നിർമാണസ്ഥാപനങ്ങൾ അടച്ചിട്ടു
തൃശൂർ: ജിഎസ്ടി ഉദ്യോഗസ്ഥർ സ്വർണാഭരണ നിർമാണസ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയ്ക്കെത്തിയതു തൊഴിലാളികളും സ്ഥാപന ഉടമകളും ചേർന്നു തടഞ്ഞതു സംഘർഷത്തിനു കാരണമായി.
അന്യായമായി മിന്നൽപരിശോധന നടത്തി സ്വർണാഭരണ നിർമാണ മേഖലയെ ദ്രോഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഹൈറോഡ് മേഖലയിൽ സ്വർണാഭരണ നിർമാണസ്ഥാപനങ്ങൾ അടച്ചിട്ടു.
ഹൈറോഡിൽ പുത്തൻപള്ളിക്കു സമീപമുള്ള കടകളിലാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.സ്വർണാഭരണനിർമാണ കേന്ദ്രത്തിലേക്കു സ്വർണവുമായി എത്തിയ നിർമാണത്തൊ ഴിലാളിയിൽനിന്ന് 60 ഗ്രാം സ്വർണം പിടിച്ചെടുത്തതോടെയാണു സംഘർഷമുണ്ടായത്.
സ്വർണം തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ കച്ചവടക്കാർ രംഗത്തിറങ്ങി. തൊഴിലാളികളടക്കം മുന്നൂറോളം പേർ പ്രതിഷേധവുമായി എത്തി. ഇതോടെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഉദ്യോഗസ്ഥർ സ്വർണം മടക്കിനൽകി മടങ്ങിപ്പോയി.
നികുതി ഈടാക്കുന്നതിന് എതിരല്ലെന്നും തൊഴിലാളികളെ ഇതിന്റെ പേരിൽ പീഡിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിജോ ചിറക്കേക്കാരൻ അറിയിച്ചു.
സ്വർണാഭരണം അവസാന മിനുക്കുപണികൾക്കായി ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കുന്പോൾ ബലമായി പിടിച്ചെടുക്കുകയാണെന്നു പരാതിയുണ്ട്. തുടർന്നു വൻതുക പിഴയടയ്ക്കാൻ ആവശ്യപ്പെടുമെന്നു നേതാക്കൾ പറഞ്ഞു.
അഞ്ചുലക്ഷം രൂപയുടെ സ്വർണത്തിൽ പണികൾ നടത്തിയാൽ 1000 രൂപയ്ക്കു മുകളിൽമാത്രമാണു തൊഴിലാളികൾക്കു വരുമാനമായി ലഭിക്കുന്നത്.ഇന്നു ജിഎസ്ടി ഓഫീസിലേക്കു വ്യാപാരികൾ പ്രതിഷേധമാർച്ച് നടത്തും.
തൊഴിലാളികളും രംഗത്ത്
കച്ചവട കേന്ദ്രങ്ങളെ നശിപ്പിക്കുന്ന വിധത്തിൽ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു തൊഴിലാളികളും രംഗത്തിറങ്ങി. വൻകിട നിർമാതാക്കളെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വിധേയരാക്കേണ്ടതെന്നാണ് തൊഴിലാളികളുടെ വാദം.
പിഴയ്ക്കു മേൽ പിഴ ഈടാക്കുകയാണെന്നും പരാതിയുണ്ട്. വൻകിട നിർമാതാക്കൾ സ്വർണത്തിനു ഡെലിവറി വൗച്ചർ തങ്ങൾക്കു നൽകാറില്ലെന്നും നിർമാണത്തിനു ലഭിക്കുന്ന സ്വർണം സംബന്ധിച്ച് കൃത്യമായ രേഖ സൂക്ഷിക്കുന്നതു ബുദ്ധിമുട്ടാണെന്നും നിർമാണ വ്യാപാരികൾ ചൂണ്ടിക്കാട്ടി.
വൻകിട വ്യാപാരികളോടു കൃത്യമായ രേഖകൾ സമർപ്പിക്കാൻ ജിഎസ്ടി അധികൃതർ നിർബന്ധിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തു ന്നു.
വ്യവസായത്തെതകർക്കുന്നു
കോവിഡിനുശേഷം കച്ചവട കേന്ദ്രങ്ങൾ ഉണർന്നു തുടങ്ങുന്നതിനിടെയുള്ള പരിശോധന സ്വർണാഭരണ വ്യവസായത്തെ തകർക്കുമെന്നു നിർമാണ തൊഴിലാളി സംഘടനാ നേതാവ് മനോജ് മച്ചാട് ചൂണ്ടിക്കാട്ടി.
പരിശോധനകൾ അനാവശ്യമായി നടത്തുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും ചോദിച്ചു. ഇതേ രീതിയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെങ്കിൽ തൃശൂരിൽനിന്നു സ്വർണാഭരണ നിർമാണം മറ്റിടങ്ങളിലേക്കു വഴിമാറിപ്പോകും.
പരിശോധന തുടരും
പരിശോധന തുടരുമെന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥരുടെ നിലപാട്. പോലീസ് സഹായം തേടുന്ന കാര്യവും പരിഗണിക്കും. പരിശോധനകൾ തടയുന്നതു നിയമം കൈയിലെടുക്കുന്നതിനു സമമാണ്. ചില തൊഴിലാളികൾ മോശം ഭാഷയിലാണു പ്രതികരിച്ചതെന്നും അവർ പറഞ്ഞു.