ലണ്ടൻ/കൊച്ചി: അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയിൽ ഡോളറിന്റെ വിനിമയനിരക്ക് താണു. ഇതു സ്വർണത്തിനും ക്രൂഡ് ഓയിലിനും വില കുതിക്കാൻ കാരണമായി. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 71.20 ഡോളർ വരെ എത്തിയിട്ട് അല്പം താണു. സ്വർണം ഔൺസിന് 20 ഡോളർ കയറി 1355.9 ഡോളറായി. കേരളത്തിൽ സ്വർണം പവന് 280 രൂപ കൂടി 22,640 രൂപയായി.
ഡോളർ ദുർബലമാകുന്നതിനെ താൻ ഭയപ്പെടുന്നില്ലെന്നു സ്വിറ്റ്സർലൻഡിലെ ദാവോസിലാണു യുഎസ് സെക്രട്ടറി സ്റ്റീവൻ മന്യൂഷിൻ പറഞ്ഞത്. ദുർബല ഡോളർ അമേരിക്കയ്ക്കു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രസിഡന്റ് ട്രംപും ഡോളർ ശക്തമാകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മന്യൂഷിന്റെ പ്രസ്താവന വന്നതോടെ ഡോളർ കുത്തനെ താണു. ഡോളറിന്റെ വിവിധ കറൻസികളുമായുള്ള നിരക്ക് രേഖപ്പെടുത്തുന്ന ഡോളർ സൂചിക ഒരു ശതമാനം താണു. ഡോളർ താഴ്ത്തിനിർത്താൻ അമേരിക്ക ശ്രമിക്കുമെന്നും അതു മറ്റു രാജ്യങ്ങളെയും കറൻസിമൂല്യം കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്നും പലരും ഭയപ്പെട്ടു.
ഇന്നലെ വീണ്ടും ദാവോസിലെ പാനൽ ചർച്ചയിൽ മന്യൂഷിൻ നിലപാട് ആവർത്തിച്ചു. മാത്രമല്ല മുൻ ട്രഷറി സെക്രട്ടറിമാരുടേതിൽനിന്നു സ്വല്പം വ്യത്യസ്തമാണു തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മന്യൂഷിന്റെ നിലപാടിനെ ഐഎംഎഫ് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡും യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് മാരിയോ ഡ്രാഗിയും വിമർശിച്ചു. വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപും വാണിജ്യ സെക്രട്ടറി വിൽബർ റോസും ദാവോസിൽ പ്രസംഗിക്കുന്നുണ്ട്. അപ്പോഴേക്കു നയം വ്യക്തമാകുമെന്നാണു പ്രതീക്ഷ.
യൂറോ, ജാപ്പനീസ് യെൻ, ചൈനീസ് യുവാൻ എന്നിവയ്ക്കെല്ലാം ഇന്നലെ ഡോളറിനുമേൽ നേട്ടമുണ്ടായി. ഡോളറിന്റെ ദൗർബല്യം സ്വർണവില ഔൺസിന് 1,400 ഡോളറിനു മുകളിൽ എത്തിക്കുമെന്നു പലരും കരുതുന്നു.
ക്രൂഡ് വില ബുധനാഴ്ച കുതിച്ചതും മന്യൂഷിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ്. വീപ്പയ്ക്ക് 71.20 ഡോളർ വരെ കയറി ബ്രെന്റ് ഇനത്തിന്റെ വില. 2014 ഡിസംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണത്. പിന്നീട് 70.68 വരെ താണിട്ട് ഇന്നലെ ലണ്ടൻ സമയം ഉച്ചയോടെ വീണ്ടും 71 ഡോളറിലെത്തി.