തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു വാർഡിൽനിന്ന് മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം തട്ടിയെടുത്തത്.
ഇതേസംഘം കൂത്തുപറമ്പ്, കണ്ണവം മേഖലകളിൽനിന്ന് 200 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
തലശേരി എഎസ്പി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരിയിൽനിന്നു പോലീസ് മൊഴിയെടുത്തു. വ്യാജ സ്വർണാഭരണങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളും സ്വർണാഭരണ നിക്ഷേപത്തട്ടിപ്പിന് പിന്നിലുളളതായും റിപ്പോർട്ടുണ്ട്.
കുത്തുപറമ്പിലെ നിരവധി സഹകരണ ബാങ്കുകളിൽ സ്വർണാഭരണം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനിയായ ഇല്യാസ് സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് സംഘത്തിലും പ്രധാനിയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുളളത്.
കൂത്തുപറമ്പ് സിഐ ആയിരുന്ന ശ്രീജിത്ത് കൊടേരിയും സംഘവും ഇല്യാസിനെ വ്യാജ സ്വർണക്കേസിൽ മുമ്പ് ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.