തൃപ്പൂണിത്തുറ: യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ട സ്വർണം ഹിൽപാലസ് പോലീസിന്റെ സംയോജിതമായ ഇടപെടൽ മൂലം സ്വർണ പണിക്കാരനായ ഉടമയ്ക്കു ലഭിച്ചു. തൃപ്പൂണിത്തുറയിൽനിന്നു പിറവത്തേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെയാണ് മുളന്തുരുത്തി ഇഞ്ചിമല തൊട്ടിപ്പറമ്പ് വീട്ടിൽ ഗോപാലകൃഷ്ണന്റെ (50) അഞ്ചു പവൻ സ്വർണം അടങ്ങിയ പഴ്സ് ബസിൽ നഷ്ടപ്പെട്ടത്.
പരാതി ലഭിച്ചതിനെ തുടർന്ന് പിറവം ഡിപ്പോയുമായി തൃപ്പൂണിത്തുറ എസ്ഐ കെ.ആർ. ബിജു ഉടൻ ബന്ധപ്പെടുകയും സ്റ്റാൻഡിൽ എത്തിയ കെഎസ്ആർടിസി അധികൃതർ ബസ് പരിശോധിച്ച് നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിൽ വാങ്ങി ഉടമയ്ക്ക് കൈമാറുകയും ചെയ്തു.