കൊണ്ടോട്ടി: ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെന്ന സംശയത്തില്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന യാത്രക്കാരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നിലമ്പൂര്‍ നമ്പൂരിപ്പൊട്ടി സ്വദേശി മൂസന്‍(20)ആണ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ദുബായിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൂസന്‍ കരിപ്പൂരിലെത്തിയത്.
ദുബായിയില്‍ നിന്നെത്തിയ ഇയാളുടെ ശരീരത്തില്‍ സ്വര്‍ണമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധനയ്ക്കായി കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോതായായിരുന്നു.
ആശുപത്രിയിലെത്തിയ ഉടനെ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തള്ളിമാറ്റി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.രക്ഷപ്പെട്ട യുവാവ് ദേശീയപാതയിലെത്തി ലോറിയില്‍ കയറി രാമഞ്ചേരി ഭാഗത്തേക്ക് പോയി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കസ്റ്റംസ് പരാതിയില്‍ ഇയാള്‍ക്കെതിരേ കൊണ്ടോട്ടി പോലീസ് കേസെടുത്തു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ രക്ഷപ്പെട്ട ലോറി കസ്റ്റഡിയിലെടുത്തു.
കൊണ്ടോട്ടിയില്‍ നിന്നു കയറിയ യുവാവ് കൊട്ടൂക്കരയില്‍ ഇറങ്ങിയെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് നൽകിയ മൊഴി. ഇയാളുടെ വീട്ടില്‍ കൊണ്ടോട്ടി പോലീസും മലപ്പുറം പ്രിവന്റീവ് കസ്റ്റംസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.