കൊച്ചി: റിക്കാര്‍ഡ് വില വര്‍ധനയ്ക്കു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഇന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായി. ഇന്നലെ ഗ്രാമിന് 5310 രൂപയും പവന് 42480 രൂപയുമായിരുന്നു സ്വര്‍ണവില.
ഈ ആഴ്ച്ചയില്‍ റിക്കാര്‍ഡ് വില ഉയര്‍ന്ന ശേഷമാണ് രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പവന് വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപ കടന്നു.
2020 ലെ റിക്കാഡ് ഭേദിച്ചാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 280 രൂപ ഉയര്‍ന്ന് 42,160 രൂപയിലും ഗ്രാമിന് 35 രൂപ കൂടി 5,270 രൂപയിലുമെത്തി.
തിങ്കളാഴ്ച പവന് 41,880 രൂപയും ഗ്രാമിന് 5,235 രൂപയുമായിരുന്നു. 1,800 രൂപയോളമാണ് ഈ മാസം മാത്രം ഉയര്‍ന്നത്.വാങ്ങുന്നവര്‍ക്ക് പകരം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.
1973ല്‍ കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 220 രൂപയും ഗ്രാമിന് 27.50 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,937.60 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
അതേസമയം, അന്താരാഷ്ട്ര വില 1,960 – 1,970 ഡോളര്‍ വരെ എത്തുമെന്നും അതിനിടെ വിലയില്‍ ചെറിയ തിരുത്തലുകള്‍ പ്രകടമാകുമെന്നുമാണ് വിലയിരുത്തല്‍.
ഇതിന് മുന്‍പ് 2020 ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണ വില 42,000 രൂപയിലെത്തിയത്. അന്ന് യുഎസ്-ചൈന തര്‍ക്കവും ഇന്ത്യ-ചൈന പ്രശ്നങ്ങളും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് വില ഉയരാന്‍ കാരണമായത്.
കോവിഡ് പ്രതിസന്ധിയും വില പുതിയ ഉയരം കുറിക്കാന്‍ സഹായിച്ചിരുന്നു. പിന്നീട് കോവിഡ് മൂലം ഡിമാന്‍ഡ് കുറഞ്ഞതോടെ സ്വര്‍ണ വിലയില്‍ വലിയ ഇടിവ് പ്രകടമായി.
ഒറ്റ ദിവസം കൊണ്ട് 1,600 രൂപയുടെ വരെ ഇടിവ് സംഭവിച്ചിരുന്നു. കോവിഡിന് വാക്സിന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്.
പിന്നീട് രണ്ടര വര്‍ഷത്തിനു ശേഷമാണ് പവന് വില പുതിയ റിക്കാർഡിട്ടത്. ചൈനയില്‍ കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് ഇപ്പോള്‍ വില ഉയരാനുള്ള പ്രധാന കാരണം.
ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക, പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധന എന്നിവയും വിലയെ സ്വാധീനിച്ചിട്ടുണ്ട്.