കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരത്തിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 3,225 രൂപയിലാണു സംസ്ഥാനത്ത് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. പവന് 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 25,800 രൂപയായി ഉയർന്നു.
ഇന്നലെ ഗ്രാമിന് 3190 രൂപയായിരുന്നു സ്വർണവില. കഴിഞ്ഞ മാസം 25ന് ഗ്രാമിന് 3210 രൂപ രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും വില വർധനവിനു കാരണം.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് സ്വർണ വില പവന് 480 രൂപ വർധിക്കുകയും ചെയ്തിരുന്നു.