സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമായി. കേരളത്തില്‍ എക്കാലത്തെയും വലിയ വിലയാണിത്.
കഴിഞ്ഞ വര്‍ഷം 14 തവണയാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്. ഒടുവില്‍ റിക്കാര്‍ഡ് വില വര്‍ധനയുണ്ടായത് 2023 ഡിസംബര്‍ 28 ന് ആയിരുന്നു.
അന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല് ലക്ഷം രൂപയുടെ വിലവര്‍ധനയാണ് ഉണ്ടായത്. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2645 രൂപയും പവന് 21,160 രൂപയുമായിരുന്നു സ്വര്‍ണവില.
അന്താരാഷ്ട്ര സ്വര്‍ണവില 2,118 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 2012 ഡോളറില്‍ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.
വന്‍കിട നിക്ഷേപകര്‍ ഓഹരി മാര്‍ക്കറ്റില്‍ നിന്ന് അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഇറക്കുന്നതും വില വര്‍ധനയ്ക്ക് ഇടയാകുന്നുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണവില വീണ്ടും ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2,200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.