കൊച്ചി: മികച്ച നേട്ടങ്ങള്‍ക്കുശേഷം ലാഭമെടുപ്പ് തുടങ്ങിയതോടെ സ്വര്‍ണവില കുത്തനെ താഴേക്ക് പതിക്കുന്നു. ബുധനാഴ്ച മാത്രം ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണു ഇടിഞ്ഞത്. സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ചയാണു സംഭവിച്ചിട്ടുള്ളത്.
ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. സര്‍വകാല റിക്കാര്‍ഡ് വിലയായ 42,000 രൂപയില്നിന്നുമാണു ഈ വിലയിടിവ്.
മൂന്നു ദിവസത്തിനിടെ മാത്രം പവന് 2,800 രൂപ കുറഞ്ഞപ്പോള്‍ ഗ്രാമിന് 350 രൂപയും താഴ്ന്നു. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപയും കഴിഞ്ഞ ദിവസം 400 രൂപയും വിലയിടിഞ്ഞതിനു പിന്നാലെയാണ് ഇന്ന് കുത്തനെ ഇറക്കമുണ്ടായത്.
കഴിഞ്ഞ ഏഴാം തീയതിയാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാകുന്നുണ്ട്. യുഎസിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ഫലം കണ്ട് തുടങ്ങുന്നതും സ്വര്‍ണത്തിന് തിരിച്ചടി നേരിടുന്നു.