കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 7,225 രൂപയും പവന് 57,800 രൂപയുമായി. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 70 രൂപ വര്ധിച്ച് 5,960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടന്നു.
നിലവിലെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച് യു ഐഡി നിരക്കും ചേര്ത്താല് ഒരു പവന് സ്വര്ണം വാങ്ങണമെങ്കില് 62,850 രൂപ വരും. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 2685 ഡോളറിലും,ഇന്ത്യന് രൂപയുടെ വിനിമയ നിരക്ക് 84.50 ആണ്.
യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡന്റ് ജോ ബൈഡന് യുദ്ധം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വര്ണവില കുതിച്ചു കയറുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണവിലയുടെ മുന്നേറ്റമാണ് ഇപ്പോള് കാണുന്നത്. അന്താരാഷ്ട്ര സ്വര്ണവില താഴ്ചയില് നിന്നും 250 ഡോളറിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്.
അന്താരാഷ്ട്ര സ്വര്ണവില 2798 ഡോളറിലേക്ക് എത്തിയതിനു ശേഷം 2540 ഡോളര് വരെ കുറഞ്ഞിരുന്നു. ഇത് വീണ്ടും മുന്നേറുമെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നതെന്ന് ഓള് ഇന്ത്യ ആന്ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്സില് ദേശീയ ഡയറക്ടര് എസ്. അബ്ദുല് നാസര് പറഞ്ഞു.
സ്വന്തം ലേഖിക