കൊച്ചി: ലോകത്തെ പ്രധാന സാന്പത്തികശക്തികളായ അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം മുറുകുന്നതിനിടെ സ്വര്‍ണവില പിടിവിട്ടു കുതിക്കുന്നു. ഇന്നു ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും വര്‍ധിച്ചു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും കൂടിയതിനു പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപയില്‍ അധികം കൊടുക്കണം. സീസണ് കാലമായതിനാല്‍ സ്വര്‍ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്.
വ്യാപാരയുദ്ധത്തോടൊപ്പം ചൈനയുടെ പക്കല്‍ ഉള്ള 760 ബില്യണ്‍ ഡോളര്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുമെന്ന ഭീഷണി സ്വര്‍ണവില കുതിക്കുന്നതിന് പ്രധാന കാരണമായി. ജപ്പാന് കഴിഞ്ഞാല്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്.
അമേരിക്ക മറ്റു രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ചതിനു പിന്നാലെ യുഎസ് ഓഹരിവിപണയിൽ കുതിപ്പുണ്ടായെങ്കിലും പ്രധാന സൂചികകൾ വീണ്ടും കൂപ്പുകുത്തുന്നതാണ് ഇന്നു കണ്ടത്. ഒരുവേള 2,000ലേറെ പോയിന്റ് താഴേക്കുപോയ ഡൗ ജോൺസ് ഇപ്പോഴുള്ളത് 1,014 പോയിന്റ് (-2.50 ശതമാനം) നഷ്ടത്തിലാണ്. എസ് ആൻഡ് പി500 സൂചിക 3.46 ശതമാനവും നാസ്ഡാക് 4.31 ശതമാനവും ഇടിഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം കനത്ത അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കേ നിക്ഷേപം പിൻവലിച്ച് തൽകാലം മാറിനിൽക്കാമെന്ന നിക്ഷേപക മനോഭാവമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. താരിഫ് യുദ്ധം ഫലത്തിൽ യുഎസിനെ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴ്ത്തുമെന്ന ആശങ്കയുമുണ്ട്.
അതിനിടെ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ മുറുകുകയാണ്. ചൈനക്കെതിരേ അമേരിക്കൻ തീരുവ 145 ശതമാനമാക്കി ഉയർത്തിയെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ചൈനയുമായി അമേരിക്ക ചർച്ചകൾക്ക് തയാറാണെന്നും എന്നാൽ, ചൈന ആദ്യം മുന്നോട്ട് വരണമെന്നും ട്രംപ് പറഞ്ഞു. യുഎസ് സിനിമകളുടെ ഇറക്കുമതി പരിമിതപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ചൈന ഇതിനു മറുപടിയായി നൽകിയത്.