റോബിൻ ജോർജ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്നു ഗ്രാമിന് 50 രൂപ വർധിച്ച് പവൻ വില 27,200 രൂപയായി. കഴിഞ്ഞ രണ്ടിന് 26,000 രൂപ പിന്നിട്ട സ്വർണ വിലയാണു വെറും നാലു ദിവസത്തെ വ്യാപാരത്തിനിടെ 27,200 രൂപയിലെത്തി നിൽക്കുന്നത്.
മൂന്നു വ്യാപാര ദിനത്തിനിടെമാത്രം ആയിരം രൂപയാണു പവനിലുണ്ടായ മാറ്റം. ആഗോള സാന്പത്തിക രംഗം 2020ൽ കൂടുതൽ വഷളാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ഓഹരികളിലും മറ്റും നിക്ഷേപിച്ചവർ നിക്ഷേപം പിൻവലിച്ച് സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നത് സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന സാന്പത്തിക അസ്ഥിരതകൾക്ക് ആക്കം കൂട്ടുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം നിലനിൽക്കുന്നതും പശ്ചിമേഷ്യയിലെ യുദ്ധ സന്നാഹവുമെല്ലാം വിലവർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ രണ്ടിന് 26,040 രൂപയായിരുന്ന പവൻ വില മൂന്നിന് 26,200 രൂപയായി ഉയർന്നു.
അഞ്ചിന് 26,600 രൂപയായി ഉയർന്ന സ്വർണ വില ഇന്നലെ 26,800 രൂപയായും ഇന്ന് 27,200 രൂപയായും റിക്കാർഡുകൾ സൃഷ്ടിച്ചു. ദിനംപ്രതിയുള്ള വൻ വിലക്കയറ്റം ഉപയോക്താക്കളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണം വാങ്ങുന്നതിന്റെ തോതിലും കുറവ് വന്നിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ വരും ദിവസങ്ങളിലും വില വർധനവിനുള്ള സാധ്യതയാണുള്ളത്.