കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6840 രൂപയും പവന് 54,720 രൂപയുമായി. ഏപ്രില്‍ 19 ലെ ഗ്രാമിന് 6,815 രൂപ, പവന് 54,520 രൂപ എന്നീ വിലയാണ് ഇന്ന് ഭേദിക്കപ്പെട്ടത്.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്ക് മുകളിലായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2414 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില 70 രൂപ ഗ്രാമിന് വര്‍ധിച്ച് 5700 രൂപയായി. വെള്ളിയുടെ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. 31.43 ഡോളറിലാണ് വെള്ളിവില.
റഷ്യ-യുക്രെയ്ന് യുദ്ധവും, മധ്യ ഏഷ്യ സംഘര്‍ഷങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം സ്വര്‍ണം സുരക്ഷിത നിക്ഷേപം ആയിട്ടാണ് പലരും കാണുന്നത്. യുഎസ് നാണയപ്പെരുപ്പം താഴോട്ടുള്ള ആക്കം കാണിക്കുകയും തൊഴില്‍ ഇല്ലായ്മ കൂടുകയും വേതനം കുറയുകയും ചെയ്തതും സ്വർണത്തോടുള്ള നിക്ഷേപകരുടെ പ്രിയം ഏറുന്നതിന് കാരണമായി.
വരും ദിവസങ്ങളിലും സ്വര്‍ണവില സര്‍വകാല റിക്കാര്ഡിലെത്തുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍