കൊച്ചി: സ്വർണവില സർവകാല റിക്കാർഡിൽ. പവന് 320 രൂപ വർധിച്ച് 29,120 രൂപയ്ക്കാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഗ്രാം വില 3640 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 28,880 രൂപയായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഒരുവേള സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ മുന്നോട്ടുതന്നെ കുതിക്കുകയായിരുന്നു.
ഇന്നലെയാകട്ടെ രണ്ടു തവണയാണു സ്വർണ വില വർധിച്ചത്. ഗ്രാമിന് 20 രൂപ വർധിച്ച് 3580 രൂപയ്ക്കാണ് ഇന്നലെ രാവിലെ വിൽപ്പന ആരംഭിച്ചതെങ്കിലും 12 ന് മുന്പായി വീണ്ടും ഗ്രാമിന് വില ഉയർന്ന് 3600 രൂപയിലെത്തി. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനവാണ് ഇന്നലെയും രേഖപ്പെടുത്തിയത്.
ഒരു കിലോ തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്കാകട്ടെ 40 ലക്ഷം രൂപയ്ക്കു മുകളിലായി. അന്താരാഷ്ട്ര വില വർധിക്കുന്നതും രൂപ കൂടുതൽ ദുർബലമാകുന്നതുമാണ് നിലവിൽ സ്വർണവില ഉയരാൻ കാരണം. അമേരിക്കയും ചൈനയും തമ്മിൽ തുടരുന്ന വ്യാപാരയുദ്ധം സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്ന് അഭ്യൂഹങ്ങൾ പടരുന്നതിനിടെ അമേരിക്ക ചില ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തിയത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.