സീമ മോഹന്‍ലാല്‍
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,450 ഡോളര്‍ റിക്കാര്‍ഡ് തകര്‍ത്ത് 2,482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2,472 ഡോളറില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 1.6 ശതമാനം കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ധന ഉണ്ടായത്.
ബജറ്റ് പ്രതീക്ഷയാണ് കാരണം. അതേസമയം കേരള വിപണിയില്‍ സ്വര്‍ണവില പവന് 55,000 രൂപയിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,875 രൂപയും പവന് 55,000 രൂപയുമായി. സംസ്ഥാനത്തെ റിക്കാര്‍ഡ് വില വര്‍ധന കഴിഞ്ഞ ഏപ്രില്‍ 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്.
യുഎസില്‍ പണപ്പെരുപ്പം കുറയുകയും, പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് കുറയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ അഭിപ്രായവും ഫെഡ് നിരക്ക് സെപ്റ്റംബറില്‍ കുറയ്ക്കുമെന്നാണ് വിപണി കരുതുന്നത്. നിരക്ക് 50 ബിപിഎസിലേക്കായിരിക്കാം കുറയ്ക്കുക.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മഞ്ഞലോഹത്തിലേക്കുള്ള ആകര്‍ഷണം കൂട്ടുന്നുവെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.