കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണവില ഉയരങ്ങളിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണാഭരണങ്ങളുടെ വില്പന മന്ദഗതിയില്‍. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,735 രൂപയിലും പവന് 45,880 രൂപയിലുമാണ് വില്പന നടക്കുന്നത്. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
കുറേ ദിവസങ്ങളായി 1900-2000 ഡോളറുകളില്‍ നിന്നിരുന്ന സ്വര്‍ണവില 2018 ഡോളറിലേക്ക് എത്തിയതും വലിയ വില വര്‍ധനവിന്റെ സൂചനയാണ് നല്‍കുന്നത്. സ്വര്‍ണവില ഉയരുന്നുണ്ടെങ്കിലും കേരളത്തില്‍ സ്വര്‍ണാഭരണ വില്പന മന്ദഗതിയിലാണ്. ഇത് സ്വര്‍ണ വ്യാപാരികള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വില വര്‍ധന മൂലം വിവാഹ ആവശ്യങ്ങള്‍ക്കുള്ള അത്യാവശ്യ പര്‍ച്ചേസുകള്‍ മാത്രമാണ് നടക്കുന്നത്.
നൂലുകെട്ട് പോലെയുളള ചെറിയ ചടങ്ങുകള്‍ക്കുള്ള ആഭരണങ്ങളുടെ വില്പന വളരെ കുറവാണ്. നിലവില്‍ സ്വര്‍ണ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി വളരെ രൂക്ഷമാണ്. വില വര്‍ധിക്കുന്നതു മൂലം ചെറിയ പണിശാലകളില്‍ പ്രവര്‍ത്തനം വളരെ കുറഞ്ഞു.
ഇടത്തരം, വന്‍കിട നിര്‍മാണശാലകളിലും ആഭരണ നിര്‍മാണം വളരെയേറെ കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ പണമൊഴുക്ക് കുറഞ്ഞതുമൂലമാണ് സ്വര്‍ണ വ്യാപാരത്തില്‍ കുറവ് നേരിടുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു.
ആറു മാസമാണ് സ്വര്‍ണത്തിന്റെ ഒരു വില വ്യതിയാന കാലയളവ്. 200 മുതല്‍ 250 ഡോളര്‍വരെ ഇത്തരത്തില്‍ വ്യതിയാനം ഉണ്ടായി. അവസാന മൂന്നു വില ചലനങ്ങള്‍ ഇങ്ങനെയായിരുന്നു.
1990 -2000 ഡോളറിലായിരുന്ന അന്താരാഷ്ട്ര സ്വര്‍ണവില 150 ഡോളര്‍ താഴ്ന്ന് 1810 ഡോളറിലേക്ക് എത്തി. തുടര്‍ന്ന് 265 ഡോളര്‍ വര്‍ധിച്ച് 1810 ഡോളറില്‍ നിന്ന് 2075 ഡോളറായി. 2075 ഡോളര്‍ വരെ വര്‍ധിച്ച അന്താരാഷ്ട്ര സ്വര്‍ണവില പിന്നീട് 1845 ഡോളറിലേക്ക് തിരിച്ചിറങ്ങി.
230 ഡോളറായിരുന്നു കുറഞ്ഞത്. 1845 ഡോളറിലേക്ക് തിരിച്ചിറങ്ങിയ സ്വര്‍ണവില വീണ്ടും പടിപടിയായി ഉയര്‍ന്നു 2018 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വില 2075 ഡോളര്‍ കടക്കുമോ എന്നുള്ളതാണ് ഇപ്പോള്‍ വിപണി ഉറ്റു നോക്കുന്നത്.
സീമ മോഹന്‍ലാല്‍