കൊച്ചി: പിടിതരാതെ കുതിച്ചുയരുന്ന സ്വര്‍ണവില പുതുവര്‍ഷത്തിലും തിളങ്ങും. 2025 സ്വര്‍ണവിലയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഫെഡ് പോളിസി നിലവില്‍ രണ്ടു തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താല്പര്യം, നാണയപ്പെരുപ്പത്തിന്റെ കുതിപ്പ്, ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
രാജ്യത്ത് സര്‍ക്കാര്‍ ഇംപോര്‍ട്ട് ഡ്യൂട്ടി കുറച്ചത് മൂലം കള്ളക്കടത്ത് തടയാനായി. ഇംപോര്‍ട്ട് കുറച്ച് കറന്‍സിയെ സംരക്ഷിക്കാനും ഇതുമൂലം സാധിച്ചു. അതേസമയം 2024 സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാക്കിയ വര്‍ഷമായിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഉയര്‍ച്ചയും കറന്‍സിയിലും ഇംപോര്‍ട്ട് ഡ്യൂട്ടിയിലും ഉണ്ടായ മാറ്റവും പരിഗണിച്ചാല്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റം ഒരു വര്‍ഷം കൊണ്ട് 31 ശതമാനമാണ്.
2024 ജനുവരി രണ്ടിന് ഗ്രാമിന് 5,875 രൂപയും, പവന് 47,000 രൂപയുമായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 31 ന് ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമായി സ്വര്‍ണവില ഉയര്‍ന്നു. ഏകദേശം 27 ശതമാനത്തിന്റെ വില വര്‍ധനയാണ് ഈ കാലയളവില്‍ സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്. പിന്നീട് വില കുറഞ്ഞും കൂടിയും ചാഞ്ചാട്ടത്തില്‍ ആയിരുന്നെങ്കിലും ഗ്രാമിന് 7,000 രൂപയ്ക്ക് താഴെ സ്വര്‍ണവില എത്തിയില്ല.
അന്താരാഷ്ട്ര സ്വര്‍ണവില 2019ല്‍ ട്രോയ് ഔണ്‍സിന് 1300 ഡോളര്‍ ലെവലില്‍നിന്നും 2076 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി 1700, 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ നിലനിന്നിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2050 ഡോളറിൽനിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വളരെ ഉയര്‍ന്നു. ഏകദേശം 38 ശതമാനത്തോളം ഉയര്‍ച്ച അന്താരാഷ്ട്ര വിലയില്‍ രേഖപ്പെടുത്തി. ഇന്ത്യന്‍ രൂപ 83.25 ല്‍ നിന്നും 85 ഡോളറിലേക്ക് ദുര്‍ബ്ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
സീമ മോഹന്‍ലാല്‍