കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണ വിലയിൽ വൻ വർധനവ്. ഇന്നലെ യുഎസ് വിപണി ആരംഭിച്ചപ്പോൾ തന്നെ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞദിവസത്തെ വിലയായ ട്രോയ് ഔണ്‍സിന് 2455 ഡോളര്‍ എന്നത് രണ്ടു ശതമാനതിലധികം വര്‍ധിച്ച് 2507 ഡോളറിലേക്ക് എത്തുകയായിരുന്നു. 51 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,670 രൂപയും പവന് 53,360 രൂപയുമായി.
സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന കേരളത്തിലെ ബോര്‍ഡ് റേറ്റ് നിലവില്‍ തുടരുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. വലിയ തോതിലുള്ള നിക്ഷേപവും ലാഭമെടുക്കലും തുടരുന്നുണ്ടെങ്കിലും വീണ്ടും വില വര്‍ധനയ്ക്കുള്ള സാധ്യതയാണുള്ളതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍