സീമ മോഹൻലാൽ
കൊച്ചി: ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമായി.
അന്താരാഷ്ട്ര സ്വർണവില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.07 ലുമാണ്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ വൻ വർധന ഉണ്ടാകുമെന്നാണ് വിപണി നൽകുന്ന സൂചന.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, വീണ്ടും ഉയർന്നു വരുന്ന സാന്പത്തിക പ്രതിസന്ധികൾ, യു എസ്. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം സ്വർണവില ഉയർത്തുന്ന സാധ്യതാ ഘടകങ്ങളാണ്.
അതേസമയം, സ്വർണവിലയിൽ വിലയിൽ ചില തിരുത്തലുകൾ വന്നേക്കുമെന്ന് ചിലർ വാദിക്കുന്നുണ്ട്. വില വർധന മൂലം സ്വർണ വാങ്ങുന്ന ഉപഭോക്താക്കളുടെ വാങ്ങൽ ശക്തി ഇന്ത്യയിൽ മാത്രമല്ല ലോകമെന്പാടുമുള്ള വിപണികളിലും ഇടിവിന് കാരണമായിട്ടുണ്ടെന്നും ഇത് താല്ക്കാലികമാണെന്നുമാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര വില 1800 ഡോളറിൽ താഴേക്ക് പോകാനുള്ള സാധ്യതകളില്ല. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് 63 ലക്ഷത്തിലേക്കെത്താനാണ് സാധ്യത.
ഇറക്കുമതി ചുങ്കം വെട്ടിക്കുറയ്ക്കുകയും രൂപ കരുത്താർജിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇന്ത്യയിൽ സ്വർണവിലയിൽ കുറവുണ്ടാവുകയുള്ളു.
വിലവർധന ലാഭകരമാക്കാൻ ഹെഡ്ജിങ്ങും ട്രേഡിങ്ങും നടത്താൻ വ്യാപാരികൾ ഇപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.
സ്വർണത്തിന്റെ വില വർധന മൂലം ഇന്ത്യയിലുടനീളം 18 കാരറ്റ് സ്വർണത്തിന്റെ സ്വീകാര്യത വർധിക്കുന്നതായിട്ടാണ് വിപണിയിൽനിന്ന് ലഭിക്കുന്ന സൂചന.
22 കാരറ്റും, 18 കാരറ്റും തമ്മിൽ 1000 രൂപയുടെ വ്യത്യാസമുളളതിനാലാണിത്. ഡയമണ്ട് ആഭരണങ്ങൾ കൂടുതലും 18 കാരറ്റിലാണ് നിർമിക്കുന്നത്.
22 കാരറ്റ്, 18 കാരറ്റ്, ഡയമണ്ട് ആഭരണമായാലും വിലവർധനയിൽ ഒരുതരത്തിലുള്ള ആശങ്കയുമില്ലെന്നും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.