സ്വന്തം ലേഖകന്‍
കോഴിക്കോട് : തീവ്രവാദപ്രവര്ത്തനങ്ങളുള്പ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങളില്‍ വരെ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി പുറപ്പെടുവിക്കുന്ന ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് ക്രിമിനല്‍ സംഘം വിദേശത്ത് നിന്ന് എത്തുന്നതായി കണ്ടെത്തല്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന പ്രതികളും ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളുമാണ് കേരളത്തിലെത്തുന്നത്.
ഏഴ് വര്‍ഷം മുമ്പുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസിനു കീഴിലെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രതിചേര്‍ത്ത കൊടുവള്ളി സ്വദേശിയായ യുവാവ് കോടതിയില്‍ കീഴടങ്ങിയിരുന്നു.
പ്രതി വിദേശത്താണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്ഐടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും പ്രതി കോടതിയില്‍ കീഴടങ്ങാനെത്തിയതാണ് എസ്ഐടിയെ ഞെട്ടിച്ചത്.
നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കോഫേപോസ ചുമത്തിയ പ്രതികള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നതായി കണ്ടെത്തിയിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കൂടാതെ പ്രതി എങ്ങനെ ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് നാട്ടിലെത്തിയെന്നതില് അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനിച്ചത്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിദേശങ്ങളില്‍ നിന്നെത്തുന്ന ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായാണ് അന്വേഷണ ഏജന്‍സികള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
ഫോട്ടോയുള്‍പ്പെടെ പാസ്പോര്‍ട്ട് വിവരങ്ങളും ആധാര്‍കാര്‍ഡ് നമ്പറുകളും സഹിതം പുറപ്പെടുവിക്കുന്ന ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് രാജ്യത്തിനകത്തെ വിമാനത്താവളത്തില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നും പ്രതികള്‍ക്ക് പുറത്തെത്താന്‍ കഴിയാറില്ല.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസുകളിലുള്പ്പെടെയുള്ള പ്രതികള്‍ ഇത്തരത്തില്‍ എല്ലാ നിയമങ്ങളും കടന്ന് നാട്ടില്‍ എത്തുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.എസ്ഐടി അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ ജൂലൈയില്‍ കൂട്ടുപ്രതിയായ ആവിലോറ സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതി ദുബായിലാണെന്ന് വിവരം ലഭിച്ചിരുന്നു.
പ്രതിയുടെ നാട്ടില്‍ നടത്തിയ അന്വേഷണത്തിലും പ്രതി ദുബായിലുണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. ലുക്കൗട്ട്നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ വിദേശത്ത് നിന്ന് എത്തുമ്പോള്‍ വിമാനതാവളത്തില്‍ തടഞ്ഞുവയ്ക്കുകയും വിവരം അറിയിക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണസംഘം.
എന്നാല്‍ ഇതെല്ലാം മറികടന്നാണ് പ്രതി ഇന്നലെ കുന്നമംഗലം കോടതിയില്‍ ഹാജരായത്. വിദേശത്ത് നിന്ന് രാജ്യത്തെ ഏത് വിമാനതാവളത്തിലിറങ്ങിയാലും പ്രതിയെ തിരിച്ചറിയാമെന്നിരിക്കെ ഇയാള്‍ ഏത് മാര്‍ഗം എത്തിയതെന്നാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
അതേസമയം വിദേശത്തായിരുന്നില്ലെന്ന് സ്ഥാപിക്കാനാണ് പ്രതി ശ്രമിക്കുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്.
തടസങ്ങളില്ലാതെ
നേപ്പാള്‍ വഴി
കള്ളപ്പണവും ഹവാലയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളില്‍ അതിസുരക്ഷാ പരിശോധന ശക്തമാക്കിയതിന് പിന്നാലെ കള്ളക്കടത്തുകാര്‍ നേപ്പാള്‍ വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്.
കോടികളുടെ സ്വര്‍ണവും ഹവാലയും നേപ്പാളിലെ കാഠ്മണ്ഡു വിമാനതാവളം വഴി യാതൊരു പരിശോധനയുമില്ലാതെ വിദേശത്ത് നിന്ന് കേരളത്തിലെത്തുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തിരിയുന്ന പ്രതികളും നാട്ടിലെത്താന്‍ ഇതേ മാര്‍ഗം ഉപയോഗിക്കാനുള്ള സാധ്യതയേറെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കാസര്‍ഗോഡ് എംബസി
വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ചും വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ എത്തിയിരുന്നു. വിദേശത്തേക്കും ഇത്തരത്തില്‍ പോയവരുണ്ട്. കാസര്‍ഗോഡ് എംബസി എന്ന പേരിലായിരുന്നു വ്യാജപാസ്പോര്‍ട്ട് നിര്‍മിക്കുന്ന സംഘം പ്രവര്‍ത്തിച്ചിരുന്നത്.
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇത്തരം സംഘത്തെ പോലീസ് കണ്ടെത്തുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിന്റെ വ്യാജസീല്‍, വിവിധ സ്കൂളുകളുടെ വ്യാജസീല്‍ എന്നിവ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജപാസ്പോര്‍ട്ടുകള്‍ നിര്‍മിക്കുകയായിരുന്നു.
വ്യാജ വിലാസത്തില്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസ് വഴി നേരിട്ടും ഏജന്‍സികള്‍ വഴിയുമാണ് ഇവര്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയത്. പാസ്പോര്‍ട്ട് അനുവദിച്ചതിന് ശേഷമായിരുന്നു വ്യാജമാണെന്ന് കണ്ടെത്തിയത്.
സമാനമായ രീതിയില്‍ മറ്റൊരാളുടെ മേല്‍വിലാസത്തില്‍ പ്രതി എത്തിയിരിക്കാനുള്ള സാധ്യതയെ കുറിച്ചും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ നൽകിയ പ്രതി കോടതിയിൽ കീഴടങ്ങി
കോഴിക്കോട്: സ്വര്‍ണവുമായെത്തിയ കാരിയര്‍ മുങ്ങിയതിനു പിന്നാലെ പിടികൂടാന്‍ ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്കിയ കേസിലെ പ്രതി നാടകീയമായി കീഴടങ്ങി.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്പ്പെടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കൊടുവള്ളി മാനിപുരം, കളരാന്തിരി സ്വദേശി പുറായില്‍ മുഹമ്മദ് ഷമീര്‍ ആണ് ഇന്നലെ കുന്നമംഗലം കോടതിയില്‍ കീഴടങ്ങിയത്.
എങ്ങനെ കോടതിയിലെത്തി
നാലു വര്‍ഷം പ്രതി വിദേശത്തായിരുന്നുവെന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി എങ്ങനെ കോടതിയിലെത്തിയെന്നതു ദുരൂഹമാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി കൊടുവള്ളി കളരാന്തിരി സ്വദേശി ഫൈസലിനെ രണ്ടു മാസം മുമ്പ് അന്വേഷണം സംഘം പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.
അതിനിടെ ഫൈസലും മുങ്ങി. ഇന്നലെ കുന്നമംഗലം കോടതിയില്‍ ഫൈസലും ഷമീറിനൊപ്പം കീഴടങ്ങി. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരും കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജ്യൂസ് ആയി സ്വർണം
2018 സപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളി സംഘം കാരിയര്‍ മുഖേന ഒന്നരകിലോ സ്വര്‍ണം നാട്ടിലേക്ക് അയച്ചു. ജ്യൂസ് രൂപത്തില്‍ ലായനിയാക്കിയായിരുന്നു സ്വര്‍ണം അയച്ചത്.
എന്നാല്‍ കാരിയര്‍ ഈ വിവരം മറ്റൊരുസംഘത്തിനെ അറിയിച്ചു. കാരിയര്‍ കരിപ്പൂരില്‍ ഇറങ്ങി സ്വര്‍ണത്തിനായി കാത്തു നിന്ന മുഹമ്മദ് ഷമീര്‍ ഉള്‍പ്പെട്ട കൊടുവള്ളി സംഘം അറിയാതെ മറ്റൊരു സംഘത്തിനൊപ്പം രക്ഷപ്പെട്ടു.
സ്വർണം പിടിക്കാൻ
സ്വര്‍ണവുമായി രക്ഷപ്പെട്ട കാരിയറെയും സംഘത്തേയും തിരിച്ചറിഞ്ഞ കൊടുവള്ളി സംഘം ഇവരെ പിടികൂടാനും സ്വര്‍ണം വീണ്ടെടുക്കാനുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്തിനു ക്വട്ടേഷന്‍ നല്കി. ക്വട്ടേഷന്‍ ഏറ്റെടുത്ത കാക്കരഞ്ജിത്ത് കാരിയറേയും ഒപ്പമുണ്ടായിരുന്ന കുന്നമംഗലം സ്വദേശിയായ യുവാവിനേയും പിടികൂടി.
ദിവസങ്ങളോളം കാസര്‍ഗോഡ് ഉപ്പളയ്ക്ക് സമീപത്തുള്ള വീട്ടില്‍ വച്ച് മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് തട്ടിയെടുത്ത സ്വര്‍ണം സംബന്ധിച്ച് യുവാവ് ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറി. ഒരുകിലോ സ്വര്‍ണം ഇവര്‍ വീണ്ടെടുക്കുകയും ചെയ്തു.
അതിനിടെ യുവാവിനെ കാണാതായതിന് പിന്നാലെ അമ്മ കുന്നമംഗലം പോലീസില്‍ പരാതി നല്കി. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് സ്വര്‍ണക്കടത്ത് ബന്ധത്തക്കുറിച്ച് വ്യക്തമായത്. സംഭവത്തില്‍ 12 പേര്‍ക്കെതിരേയായിരുന്നു പോലീസ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈയില്‍ കേസിലെ പ്രധാനിയായ കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെ പിടികൂടിയിരുന്നു. ചോദ്യം ചെയ്തതില്‍ കോടതിയില്‍ ഇന്നലെ കീഴടങ്ങിയ സമീര്‍ ദുബായിലാണെന്ന വിവരം ലഭിച്ചു. കൂടാതെ ഫൈസലിന്റെ പങ്കും വ്യക്തമാവുകയായിരുന്നു.