കൊച്ചി: തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കേരളത്തിലേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്ന തമിഴ്നാട് കേന്ദ്രമാക്കിയ വന്‍ സംഘത്തിലേക്ക് കസ്റ്റംസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കേരളത്തിലെ വന്‍കിട സ്വര്‍ണക്കച്ചവടക്കാര്‍, ആഭരണ നിര്‍മാതാക്കള്‍, ജ്വല്ലറികള്‍ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
കസ്റ്റംസ് പിടികൂടിയ 17 പേരില്‍ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം തമിഴ്നാട്ടില്‍നിന്ന് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ എത്തിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൂടാതെ തൃശൂര്‍ ജില്ലയിലെ കൂടുതല്‍ വീടുകളും ഓഫീസുകളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.
അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വീടുകളിലും ഓഫീസുകളിലും രഹസ്യമായി സൂക്ഷിച്ച് പിന്നീട് ആഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വര്‍ണം സൂക്ഷിച്ച ചില വീടുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. പ്രദേശത്തെ കൂടുതല്‍ വീടുകളിലും സമാനമായി സ്വര്‍ണം ഉണ്ടായിരിക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്.
നികുതിയടച്ച് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്തായി കെണ്ടുവരുന്നതിനും പുറമേ വന്‍തോതില്‍ കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് കൊച്ചി കസ്റ്റംസ് കമീഷണറുടെ നേതൃത്വത്തില്‍ റെയ്ഡിനായി പദ്ധതി തയാറാക്കിയത്. മൂന്നുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ബുധനാഴ്ച റെയ്ഡ് ആരംഭിച്ചത്.
രണ്ട് ജോയിന്റ് കമീഷണര്‍മാരും എട്ട് ഡെപ്യൂട്ടി കമീഷണര്‍മാരും 138 കസ്റ്റംസ് ഉദ്യോഗസ്ഥരും ജിഎസ്ടി ഇന്റലിജന്‍സിലെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരുമുള്‍പ്പെടെ 177 പേരടങ്ങുന്ന സംഘമാണ് ഒരേസമയം പലയിടങ്ങളിലായി പരിശോധന ആരംഭിച്ചത്. ബുധനാഴ്ച രാവിലെ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച പരിശോധന ഇന്നലെയാണ് അവസാനിച്ചത്.