തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ നികുതി വെട്ടിപ്പ്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടന്നത്. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷൽ കമ്മീഷണർ ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ത്രീകളടക്കം 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. ഓപ്പറേഷൻ ‘ടോറേ ഡെൽ ഓറോ’ എന്നായിരുന്നു പരിശോധനയുടെ പേര്. മലയാളത്തിൽ സ്വർണഗോപുരം എന്നാണ് ഇതിനർഥം. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നു പുലർച്ചെ വരെ തുടർന്നു.
കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് അധികൃതർ അറിയിച്ചു. സാധാരണക്കാരെ പോലെ കടയിലെത്തിയ സംഘം ചുറ്റുപാടുകളും മറ്റും വിശദമായി നിരീക്ഷിച്ചശേഷമാണ് റെയ്ഡ് തുടങ്ങിയത്. കനത്ത സുരക്ഷ സന്നാഹവുമുണ്ടായിരുന്നു.
റെയ്ഡിൽ പങ്കെടുക്കുന്ന ജിഎസ്ടി ഉദ്യോഗസ്ഥരെ ആദ്യം കൊച്ചിയിലേക്കാണ് വിളിച്ചുവരുത്തിയത്. ആരോടും റെയ്ഡിന്റെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയില്ല. തൃശൂരിലേക്ക് ഒരു വിനോദയാത്ര പോകുന്നുവെന്നും അവിടെ ഒരു ക്ലാസുണ്ടെന്നും മാത്രമാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടർന്ന് തൃശൂരിലെത്തിയ ശേഷമാണ് റെയ്ഡിനാണ് എത്തിയതെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചത്. നേരത്തെ അറിയിച്ചാൽ റെയ്ഡ് വിവരം ചോരുമെന്ന ആശങ്കയിലാണ് ആരെയും അറിയിക്കാതിരുന്നത്.ഇവർ എത്തിയ വാഹനത്തിലും വിനോദയാത്ര എന്ന ബാനർ കെട്ടിയിരുന്നു. തൃശൂരിലെത്തിയ ഉദ്യോഗസ്ഥർ 75 സ്ഥലങ്ങളിലും ഒരേസമയം കയറി പരിശോധനയ്ക്ക് തുടക്കമിടുകയായിരുന്നു. ആറുമാസത്തെ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷമായിരുന്നു തൃശൂരിലെ റെയ്ഡ്.
പിടിച്ചെടുത്ത സ്വർണത്തിന് അഞ്ചു ശതമാനം വരെ പിഴ ഈടാക്കും. പിടികൂടിയതിൽ കള്ളക്കടത്ത് സ്വർണമുണ്ടോയെന്നും പരിശോധിക്കും. സ്റ്റോക്ക് രജിസ്റ്ററിലുള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽനിന്നും പിടിച്ചെന്നാണ് വിവരം. പിടിച്ചെടുത്ത സ്വർണം അടിയന്തരമായി ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റും.