കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ് . പവന് അരലക്ഷം രൂപ കടന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വർധിച്ച് സ്വർണവില സർവകാല റിക്കാർഡിലെത്തി. ഇതോടെ ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമായി.
അന്താരാഷ്ട്ര സ്വർണവില 2,234 ഡോളറും, രൂപയുടെ വിനിമ നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ സ്വർണത്തിന് മുപ്പതിനായിരം രൂപയുടെ വർധനയാണ് ഒരു പവനിൽ അനുഭവപ്പെട്ടത്. 2015 ൽ അന്താരാഷ്ട്ര സ്വർണവില 1300 ഡോളറിലും, പവൻ വില 21,200 രൂപയിലും ഗ്രാം വില 2,650 രൂപയിലുമായിരുന്നത് ഇന്ന് 2,234 ഡോളറിലും, ഒരു പവൻ സ്വർണവില 50,400 രൂപയിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 6,300 രൂപയിലും എത്തി.
ഒരു പവൻ സ്വർണാഭരണം ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി നികുതി ഹാൾമാർക്കിംഗ് ചാർജ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണത്തിൽ കൂടുതൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് ഒന്നരക്കോടി ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ കൈവശമുള്ള സ്വർണത്തിന്റെ ഏകദേശ വില.
വരുംദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് വിപണി നൽകുന്ന സൂചനയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
സീമ മോഹൻലാൽ