കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 2010 മുതല്‍ 2027 ഡോളര്‍ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയും പവന് 160 രൂപ വര്‍ധിച്ച് 46,400 രൂപയിലും സ്വര്‍ണവില എത്തിനില്‍ക്കുന്നു.
സ്വര്‍ണവിലയില്‍ 10 – 20 രൂപയുടെ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനം ഫെബ്രുവരി ഒന്നിനാണ്.
പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നതുകൊണ്ട് ഇത് രണ്ടു ശതമാനത്തിന് അടുത്ത് എത്തുന്നത് വരെ ഈ നില തുടരാമെന്ന് ഫെഡ് നിലപാടെടുത്താല്‍ വിലയില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളര്‍ ആണ് സപ്പോര്‍ട്ട് വില. അത് ഭേദിച്ച് താഴോട്ട് വന്നാല്‍ 1980 1960 ഡോളര്‍ എന്നിങ്ങനെയുള്ള നിലവാരത്തിലേക്ക് നീങ്ങാം.
അതേ സമയം പലിശ നിരക്ക് കുറച്ചാലോ ഇതു സംബന്ധിക്കുന്ന സൂചനകള്‍ ഉണ്ടായാലോ സ്വര്‍ണവില 2080-2100 ഡോളര്‍ നിലവാരത്തിലേക്ക് ഉയരാനും കാരണമാകും. കേന്ദ്ര ബജറ്റും ഫെബ്രുവരി ഒന്നിനാണ്. ഇറക്കുമതി ചുങ്കം കുറച്ചേക്കുമെന്നുള്ള സൂചനകള്‍ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇതിന് സാധ്യത കൂടുതലാണെന്നാണ് കരുതുന്നത്. എന്തായിരുന്നാലും സ്വര്‍ണത്തിന്റെ വില നിലവാരം സംബന്ധിച്ച് ഫെബ്രുവരി ഒന്ന് നിര്‍ണായകമാണ്.
അതേസമയം, കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 15 ശതമാനത്തില്‍നിന്നും നാലു ശതമാനമായി കുറയ്ക്കണമെന്നും രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന് നാലു ശതമാനം പലിശ നല്കി പുനരുപയോഗത്തിന് സാധ്യമാക്കണമെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷററും ഓള് ഇന്ത്യ ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ എസ്. അബ്ദുൾ നാസര്‍ ആവശ്യപ്പെട്ടു. സ്വര്‍ണത്തിന് ബാങ്കുകള്‍ ഇഎംഐ ഏര്‍പ്പെടുത്തണം. ക്യാഷ് പര്‍ച്ചേസ് പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നും അദേഹം പറഞ്ഞു.
സീമ മോഹന്‍ലാല്‍