
കൊച്ചി: റിക്കാര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 3,835 രൂപയായും പവന് 30,680 രൂപയായും പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചു.
കഴിഞ്ഞ 15ന് ഗ്രാമിന് 3810 രൂപയും പവന് 30,480 രൂപയിലുമെത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. പിന്നീട് ഗ്രാമിന് പത്തു രൂപ കുറഞ്ഞെങ്കിലും ഇന്നു വില കൂടുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് തങ്കക്കട്ടികള്ക്കുള്ള ബാങ്ക് നിരക്കില്‍ വര്‍ധനവുണ്ടായതോടെ ഇന്ന് വില ഉയരുമെന്ന് വിപണിയില്‍ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ജനുവരി ഒന്നിന് ഗ്രാമിന് 3,675 രൂപയും, പവന് വില 29,400 രൂപയുമായിരുന്നു സ്വർണവില. ഒന്നര മാസത്തിനിടെ ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുടെയും വര്‍ധനവാണുണ്ടായത്.
ആഗോള സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങളും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ സമ്പദ്ഘടനയിലുണ്ടായ തിരിച്ചടികളും സ്വര്‍ണ വില വീണ്ടും ഉയരാനുള്ള സാധ്യതയാണു നിലനില്‍ക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.