കൊച്ചി: സ്വർണ വില വീണ്ടും കൂടി. കഴിഞ്ഞ ദിവസം റിക്കാർഡ് വില രേഖപ്പെടുത്തിയ സ്വർണത്തിന്റെ വിലയിൽ ഇന്നും വർധനവാണുണ്ടായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 200 രൂപകൂടി 31,480 ൽ എത്തി. ഇന്നലെ 31,280 രൂപയായിരുന്നു.
ഗ്രാമിന് 25 രൂപ കൂടി 3935 ൽ എത്തി. തുടർച്ചയായ നാലാം ദിനവും റിക്കാർഡ് സൃഷ്ടിച്ചാണു സ്വർണവില ഉയരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെമാത്രം ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വർധിച്ചു.
കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു. അവിടെനിന്നുമാണു റോക്കറ്റ് വേഗത്തിൽ വില വർധിച്ച് പുതിയ നിലവാരത്തിലെത്തിയത്. ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവൻ സ്വർണംപോലും ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
ചൈനയിലെ കൊറോണ വൈറസിനെ ചുറ്റിയുള്ള അനിശ്ചിതത്വം ആഗോളവ്യാപാര രംഗത്ത് ചെലുത്തുന്ന സ്വാധീനമാണു സ്വർണത്തിന്റെ വില വർധനയ്ക്ക് കാരണം.
സ്വർണത്തിൽ വൻ നിക്ഷേപം നടത്തിയവർ ലാഭമെടുക്കലിനായി വിറ്റഴിച്ചാൽ മാത്രമേ വില കുറയുള്ളൂവെന്നാണു വിലയിരുത്തൽ. കൂടുതൽ ഉയർന്ന നിരക്കിൽ മാത്രമേ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതിനാൽ വില വർധിക്കുമെന്ന സൂചനകളാണു വിപണിയിൽനിന്നു ലഭിക്കുന്നത്.