കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,560 രൂപയും, പവന് 68,480 രൂപയുമായി. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നത്തേത്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അന്താരാഷ്ട്ര സ്വര്‍ണ വില 100 ഡോളറിന് മുകളില്‍ കയറുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആഭ്യന്തര വിലയിലും റിക്കാര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ നിലവില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. പകരച്ചുങ്കം വർധന ഇന്നലെ ട്രംപ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ സ്വർണക്കുതിപ്പ്. അന്താരാഷ്ട്ര സ്വര്‍ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ധിച്ചത്. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി. ഇന്നലെ 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിനു വര്‍ധിച്ചത് 2,680 രൂപയാണ്.
ബുധനാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ 3007 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര വില. പിന്നീട് 2978 ഡോളറിലേക്ക് താഴ്ന്ന അന്താരാഷ്ട്ര സ്വര്‍ണവില ട്രംപിന്റെ തീരുവ മരവിപ്പിക്കൽ വിവരം പുറത്തു വന്നതോടെ വില കുതിച്ചുയരുകയായിരുന്നു.
വൈകിട്ട് യുഎസ് വിപണി ഓപ്പണ്‍ ചെയ്തപ്പോള്‍ 3084 ഡോളറിലേക്ക് ഇത് വർധിച്ചു. സ്വര്‍ണവില വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത് സ്വര്‍ണ വ്യാപാരികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന്ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അബ്ദുൾ നാസര്‍ പറഞ്ഞു.
- സ്വന്തം ലേഖിക