റോബിന് ജോര്‍ജ്
കൊച്ചി: റിക്കാര്‍ഡ് കുതിപ്പ് തുടരുന്ന സ്വര്‍ണവില 38,000 രൂപ പിന്നിട്ടു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചതോടെയാണു പവന് 38,000 രൂപയെന്ന ചരിത്ര വില തൊട്ടത്.
സംസ്ഥാനത്ത് പവന് 38,120 രൂപയ്ക്കും ഗ്രാമിന് 4,765 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും വില വര്‍ധിക്കാന്‍ കാരണമായത്. വെറും മൂന്ന് വ്യാപാര ദിനത്തിനിടെയാണു സ്വര്‍ണവില 37,000 രൂപയില്‍നിന്ന് 38,000 രൂപയിലേക്ക് കുതിച്ചത്.
25 ദിവസത്തിനിടെ രണ്ടായിരം രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. കഴിഞ്ഞ മെയ് 18 നാണു സ്വര്‍ണവില പവന് 35,000 രൂപ പിന്നിട്ടത്. പിന്നീട് 44 ദിവസങ്ങള്‍ക്കിപ്പുറം കഴിഞ്ഞ ഒന്നിന് സ്വര്‍ണവില പവന് 36,000 രൂപ തൊട്ടു. കഴിഞ്ഞ 22 ന് 37,000 രൂപ മറികടന്നതോടെ വന്‍ കുതിച്ച് ചാട്ടത്തോടെ മൂന്നു ദിവസങ്ങള്‍ക്കിപ്പുറം 38,000 രൂപയിലും തൊടുകയായിരുന്നു.
ഒന്‍പതു വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ നില്ക്കുന്ന അന്താരാഷ്ട്ര വില 1,900 ഡോളര്‍ മറികടന്നുള്ള മുന്നേറ്റത്തിലാണ്. എക്കാലത്തെയും ഉയര്‍ന്ന അന്താരാഷ്ട്ര വില ഉടനെ തന്നെ മറികടക്കുമെന്ന പ്രവചനങ്ങളാണ് വരുന്നത്. തങ്കക്കട്ടികളുടെ ബാങ്ക് നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്.
ഈ വര്‍ഷം ഇതുവരെ പവന് 9,120 രൂപയുടെയും ഗ്രാമിന് 1,140 രൂപയും വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി ഒന്നിന് സ്വര്‍ണവില ഗ്രാമിന് 3,625 രൂപയും പവന് 29,000 രൂപയുമായിരുന്നു. ഇവിടെനിന്നുമാണു ഏഴ് മാസത്തിനിടെ സ്വര്‍ണവില 38,000 പിന്നിട്ട് കുതിക്കുന്നത്.