മുംബൈ: വില ഉയർന്നതും കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളും രാജ്യത്തെ സ്വർണവില്പനയിൽ ഇടിവുണ്ടാക്കി. 2018ലെ ആഭ്യന്തര സ്വർണവില്പന 1.40 ശതമാനം കുറഞ്ഞ് 760.4 ടണ്‍ ആയി. 2017ൽ രാജ്യത്ത് 771.2 ടണ്‍ ആയിരുന്നു. അതേസമയം, ആഗോള വില്പനയിൽ നാലു ശതമാനം വർധനയും രേഖപ്പെടുത്തിയെന്ന് വേൾഡ് ഗോൾഡ് കൗണ്‍സിൽ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
വിവിധ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ സ്വർണനില മെച്ചപ്പെടുത്തുന്നതിനായി 74 ശതമാനം അധികം സ്വർണം വാങ്ങിയിട്ടുണ്ട്. അതായത് ആകെ 651.5 ടണ്‍ സ്വർണം കേന്ദ്ര ബാങ്കുകൾ 2018ൽ വാങ്ങി. 2017ൽ ഇത് 374.8 ടണ്‍ ആയിരുന്നു.
വരുന്ന തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്തെ സ്വർണ ഡിമാൻഡ് ഉയരുമെന്നാണ് കൗണ്‍സിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ 750-850 ടണ്‍ സ്വർണം ഈ വർഷം രാജ്യത്ത് വില്‍ക്കപ്പെടുമെന്നാണ് കരുതുന്നത്.