വിപണി വിശേഷം / കെ.ബി. ഉദയഭാനു
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔണ്‍സിന് 1,300-1,375 ഡോളറിനെ ഉറ്റുനോക്കുന്നു. വിവാഹ സീസണായി, ആഭരണകേന്ദ്രങ്ങളിലേക്ക് ശ്രദ്ധതിരിയുന്നു. ഇന്ത്യൻ കയറ്റുമതിക്കാർ രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിലെ മത്സരങ്ങൾക്കു മുന്നിൽ പതറുന്നു. യുദ്ധസാധ്യത ചൈനയിലേക്കുള്ള കപ്പൽകൂലി ഉയർത്താം, ബെയ്ജിംഗിലെ റബർ സ്റ്റോക്ക് ഉയർന്നത് ലോകവിപണിയെ വീണ്ടും സമ്മർദത്തിലാക്കി. ഉത്സവാരവങ്ങൾ കഴിഞ്ഞതോടെ വെളിച്ചെണ്ണ പരുങ്ങലിലാവുമോ?
സ്വർണം
ആഗോള വിപണിക്കൊപ്പം കേരളത്തിലും സ്വർണം തിളങ്ങാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് പിന്നിട്ട വാരം പവന് 440 രൂപ ഉയർന്നു. 21,880 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ ശനിയാഴ്ച രണ്ടാം പകുതിയിൽ 22,320 രൂപയായി. ഒരു ഗ്രാമിന്റെ വില 2,735ൽനിന്ന് 2,790ലെത്തി.
ലണ്ടൻ, ന്യൂയോർക്ക് എക്സ്ചേഞ്ചുകളിൽ വാരാന്ത്യം ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപത്തിനുത്സാഹിച്ചു. അമേരിക്ക- ഉത്തരകൊറിയ സംഘർഷവും അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങളും സിറിയയിലെ സ്ഥിതിഗതികളും ഏഷ്യൻ മാർക്കറ്റുകളിൽ ഓപ്പണിംഗ് വേളയിൽ ഇന്ന് ഷോട്ട് കവറിംഗിന് ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം. ട്രോയ് ഒൗണ്‍സിന് 1253 ഡോളറിൽനിന്ന് 1289 ഡോളർ വരെ മുന്നേറിയ മഞ്ഞലോഹം നവംബറിനു ശേഷം ആദ്യമായി ഈ വാരം 1300 ഡോളറിലെ പ്രതിരോധം മറികടക്കാം.
ജൂലൈയിൽ രേഖപ്പെടുത്തിയ 1375 ഡോളറാണ് വിപണിക്കു മുന്നിലുള്ള വന്പൻ തടസം. എന്നാൽ, അതിനു മുന്‍പായി 200 ദിവസങ്ങളിലെ ശരാശരിയായ 1321 ഡോളറിൽ പ്രതിരോധം നേരിടാം. ഇതു മറികടന്നാലും 1335-1354 ഡോളറിൽ വീണ്ടും തടസം അനുഭവപ്പെടാം. 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1920 ഡോളറാണ് സ്വർണത്തിന്റെ റിക്കാർഡ് വില.
കുരുമുളക്, ചുക്ക്
അമേരിക്കൻ – യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കുരുമുളകിനും ചുക്കിനും മഞ്ഞളിലും പുതിയ ഓർഡറുകൾ കൈപ്പിടിയിൽ ഒതുക്കാൻ കയറ്റുമതി സമൂഹം ക്ലേശിക്കുന്നു. ആഭ്യന്തരവിപണിയിലെ ഉണർന്ന വില വിദേശ ബയറർമാരെ അകറ്റുന്നതായി കയറ്റുമതിക്കാർ പറയുന്നു. ഇതിനിടെ രൂപയുടെ വിനിമയനിരക്ക് ശക്തിപ്രാപിച്ചതും തിരിച്ചടിയായി.
കഴിഞ്ഞ ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തുനിന്നുള്ള കുരുമുളകു കയറ്റുമതി 40 ശതമാനം ഇടിഞ്ഞു. ഈ ഒന്‍പത് മാസത്തിൽ 903.38 കോടി രൂപ വിലമതിക്കുന്ന 14,100 ടണ്ണിന്റെ ഷിപ്പ്മെന്റ് മാത്രമാണു നടന്നത്. അതേസമയം, ഫെബ്രുവരിയിൽ അവസാനിച്ച പത്തു മാസക്കാലയളവിൽ കൊച്ചി തുറമുഖം വഴിമാത്രം 15,650 ടണ്‍ കുരുമുളക് ഇറക്കുമതി നടന്നു. രാജ്യത്തെ മറ്റു തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതികൂടി കണക്കിലെടുത്താൽ വരവ് 18,500 ടണ്ണിലേക്കു നീങ്ങാം. വിയറ്റ്നാമും ഇന്തോനേഷ്യയും ഇന്ത്യയെ അപേക്ഷിച്ച് താഴ്ന്ന വിലയ്ക്ക് ഉത്പന്ന കയറ്റുമതി നടത്തുകയാണ്.
പിന്നിട്ട വാരം കാർഷികമേഖലയിലെ ചെറുകിട വിപണികളിലേക്ക് ഉയർന്ന അളവിൽ മുളക് വില്പനയ്ക്കിറങ്ങി. വാരമധ്യം വരവു കനത്തതോടെ അന്തർസംസ്ഥാന വ്യാപാരികൾ നിരക്കു താഴ്ത്തി. ഉത്സവ ആവശ്യങ്ങൾ മുൻനിർത്തിയാണ് കർഷകർ സ്റ്റോക്കിറക്കിയത്. പോയ വാരം കുരുമുളകിന് 400 രൂപ കുറഞ്ഞ് അണ്‍ഗാർബിൾഡ് 58,300 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 9950 ഡോളറാണ്.
ജാതിക്ക
ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും പുതിയ ജാതിക്കയുടെ വരവു മുന്നിൽക്കണ്ട് നിരക്ക് ഇടിക്കാൻ ശ്രമം തുടങ്ങി. പല തോട്ടങ്ങളിലും ജാതിക്ക വിളവെടുപ്പിനു സജ്ജമായി. ഡിമാൻഡ് മങ്ങിയാൽ അത് ഉത്പന്നവിലയെ ബാധിക്കും. വരൾച്ച മൂലം തോട്ടങ്ങളിൽ ജലസേചനം ചുരുങ്ങിയത് ജാതിക്ക ഉത്പാദനത്തെ ബാധിച്ചു. ജാതിക്ക തൊണ്ടൻ കിലോ ഗ്രാമിന് 200-275 രൂപ, ജാതിപരിപ്പ് 400-520 രൂപയിലും ജാതിപത്രി 500-650 രൂപയിലുമാണ്.
റബർ
റബർ സ്റ്റോക്ക് ചൈനയിൽ ഉയർന്നത് രാജ്യാന്തര വിപണിയെ വീണ്ടും സമ്മർദത്തിലാക്കി. ഷാങ്ഹായ് വില്പനക്കാരുടെ നിയന്ത്രണത്തിലേക്കു വഴുതിയതോടെ ടോക്കോം എക്സ്ചേഞ്ചിലും സീക്കോമിലും റബർ തളർന്നു. ജപ്പാനിൽ റബർ അഞ്ചു മാസത്തെ താഴ്ന്ന റേഞ്ചിലാണ്. സാങ്കേതികമായി ടോക്കോമിൽ റബർ ദുർബലാവസ്ഥയിലാണ്. പോയ വാരം നാലു ശതമാനം ഇടിഞ്ഞ് റബർവില കിലോ 220 യെന്നിലാണ്. നിരക്ക് 200-180 യെന്നിലേക്ക് സാങ്കേതിക പരീക്ഷണം നടത്താം. അതേസമയം ഡോളറും യെന്നും തമ്മിലുള്ള വിനിമയ നിരക്ക് ഈ വാരം നിർണയകമാവും.
ഉത്തരകൊറിയയിലെ സൈനികനീക്കങ്ങൾ അയൽരാജ്യമായ ചൈനീസ് വ്യവസായികളിൽ ആശങ്ക ഉളവാക്കിയാൽ അത് റബറിനെ ബാധിക്കാം. വിദേശ റബർ മാർക്കറ്റിലെ തളർച്ച ഇന്ത്യൻ വ്യവസായികളെ രംഗത്തുനിന്ന് അകറ്റിയതോടെ ആർഎസ്എസ് നാലാം ഗ്രേഡ് 14,900ൽനിന്ന് 14,500 രൂപയായി. അഞ്ചാം ഗ്രേഡ് റബർ 13,900 രൂപയായി. വേനൽമഴ തുടരുകയാണെങ്കിലും പകൽ താപനില ഉയർന്നതിനാൽ ടാപ്പിംഗിന് അവസരം ലഭിച്ചില്ല. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അന്തരീക്ഷ താപനിലയിൽ മാറ്റം വരുത്താനിടയുണ്ട്.
നാളികേരം
ഉത്സവ ഡിമാൻഡ് കഴിഞ്ഞ സാഹചര്യത്തിൽ നാളികേരോത്പന്നങ്ങളുടെ വില ചാഞ്ചാടാം. വിഷു-ഈസ്റ്റർ വേളയിൽ വെളിച്ചെണ്ണ വില്പന പതിവിലും ഉയർന്നെങ്കിലും വിലയിൽ മാറ്റം സംഭവിച്ചില്ല. എന്നാൽ ശനിയാഴ്ച വെളിച്ചെണ്ണയ്ക്ക് 100 രൂപ കുറഞ്ഞ് 13,000 രൂപയായി. കൊപ്രവില 8,760 രൂപ.