കാര്യം സാധിക്കുന്നതിനായി ബിജു ഉപയോഗപ്പെടുത്തിയത് 40ലേറെ സുന്ദരിമാരെ ! സ്വന്തം ഭാര്യയെ വരെ നാലു തവണ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു; ബിജു മോഹന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത് വന്‍സ്വര്‍ണ്ണക്കടത്തു സംഘം…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ എട്ടരക്കോടിയുടെ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശി ബിജുമോഹനെതിരെ (45) ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളുടെ കസ്റ്റമര്‍മാരായ ജ്യൂവല്ലറിക്കാര്‍ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. ബിജുവിനെ കണ്ടെത്താന്‍ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. നെട്ടയം,കാച്ചാണി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. നെട്ടയത്തുള്ള സുഹ്യത്തുക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ബിജുവിന്റെ ഭാര്യ വിനീതാ രത്നകുമാരിയെ (38) സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇവരും അഭിഭാഷകയാണ്. പിടിയിലായവര്‍ക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തി. വിനീതയെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് തലസ്ഥാനത്തെ അഭിഭാഷകര്‍ ഡി.ആര്‍.ഐ ഓഫീസ് വളഞ്ഞു. എന്നാല്‍ വിനീതയ്ക്കെതിരേ എടുത്തത് കള്ളക്കേസല്ലെന്നും സ്വര്‍ണക്കടത്ത് നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നീക്കത്തിന് പിന്നില്‍ ബിജുവാണെന്നാണ് സൂചന.

സ്വര്‍ണക്കടത്തിനു പിന്നില്‍ സ്ത്രീകളുടെ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. 2018 നവംബര്‍ മുതല്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. സ്ത്രീകളില്‍ ചിലര്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സ്വര്‍ണ കടത്തുകാരില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നു യാത്രാരേഖകള്‍ പരിശോധിച്ചാണു സ്ത്രീകളെ തിരിച്ചറിഞ്ഞത്. ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇവരില്‍ പലരും ഒരു മാസത്തിനിടെ പലതവണ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആര്‍ഐ വ്യക്തമാക്കി.

വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സെറീന സ്ഥിരമായി സ്വര്‍ണം കടത്തിയിരുന്നു. സ്വര്‍ണക്കടത്തിലേക്ക് ആളുകളെ ബിജു ആകര്‍ഷിച്ചിരുന്നതും സെറീന വഴിയായിരുന്നു. ബിജുവിനു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ബിജുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഭാര്യ വിനീത 4 തവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ പറയുന്നു. നിയമബിരുദധാരിയാണ് വിനീതയും. പഠനകാലത്തെ പ്രണയമായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായാണ് ഈ സംഘം ദുബായില്‍ നിന്ന് സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നത്.

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സുനില്‍കുമാര്‍, സെറീന എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിജുവിനെക്കുറിച്ചും വിനീതയെക്കുറിച്ചും വിവരം ലഭിച്ചത്. ഇതിനിടെ ബിജുവിന്റെ കള്ളക്കടത്തിനു കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ സ്വര്‍ണക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചു. ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനും ഡിആര്‍ഐ തീരുമാനിച്ചു. മലയാളിയെങ്കിലും പൂര്‍ണമായും ദുബായില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജിത്തു അവിടെയാണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയേക്കും.

Related posts