മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സ്വർണം പിടികൂടി. കണ്ണൂർ സ്വദേശി സുലൈമാനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
ഞായറാഴ്ച രാത്രി റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു സുലൈമാൻ. 59,66,040 രൂപ വരുന്ന 996 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 996 ഗ്രാം സ്വർണമാണ് ലഭിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.ബി. സുബ്രമണ്യൻ സൂപ്രണ്ട് എസ്. ബാബു, ഇൻസ്പെക്ടർമാരായ ഷെമ്മി ജോസഫ്, ടി.കെ. രാധാകൃഷ്ണൻ, രാജശേഖർ റെഡ്ഡി, ഹെഡ് ഹവിൽദാർ വത്സല, ഹവിൽദാർ ബോബിൻ, സ്റ്റാഫ് പ്രീഷ, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.