സ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു.

സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും.

അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.


ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു.

നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം.

എന്നാല്‍ കെ. അയ്യപ്പനില്‍നിന്ന് മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപ്രശ്‌നമായി മാറിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് കസ്റ്റംസ് മുന്‍കരുതലെടുക്കുന്നത്. സമാനമായ പ്രശ്‌നങ്ങളിലെ സുപ്രീകോടതി നിര്‍ദേശങ്ങളും വിധികളുണ്ടെങ്കില്‍ അതും പരിശോധിച്ചായിരിക്കും സമന്‍സ് തയാറാക്കുക.


കസ്റ്റംസിന്റെ കൊച്ചി ഓഫീസില്‍ രാവിലെ 9.30നാണ് കെ. അയ്യപ്പന്‍ ഹാജരായത്. ഡോളറുകള്‍ അടങ്ങിയ ബാഗ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും മൊഴി നല്‍കിയിരുന്നു.

സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പന്‍ സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നുവെന്ന സൂചനയും സ്വപ്ന നല്‍കിയിട്ടുണ്ട്.
ഇതില്‍ വ്യക്തവരുത്തുകയാണ് കസ്റ്റംസ് ചെയ്യുന്നത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്പീക്കറുമായി ബന്ധപ്പെട്ട വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യങ്ങളായി ഉയര്‍ന്നു.

സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും മറ്റു പ്രതികളുമായിട്ടുള്ള ബന്ധം, വിദേശയാത്രകള്‍, ഇതില്‍ സ്പീക്കറുടെ ഇടപെടല്‍, സ്പീക്കറും സ്വപ്നയുമായിട്ടുള്ള സൗഹൃദം എല്ലാം കടന്നു കടന്നു വന്നുവെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്കാന്‍ അയ്യപ്പന്‍ തയാറായില്ല.

Related posts

Leave a Comment