കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനുദിനമെന്നോണം സ്വര്‍ണം പിടികൂടുകയാണ്. ഒന്നിന് പിറകേ ഒന്നായി സ്വര്‍ണം പലരീതികളില്‍ കടത്തുകയും പിടിക്കപ്പെടുകയും വലപൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നവർ ഏറെ.
എന്തായാലും കസ്റ്റംസിന് പിടിപ്പത് പണിയാണ്. സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം വരെ പ്രതിഫലം നല്കുമെന്നറിയിച്ചിരിക്കുകയാണ് കസ്റ്റംസ്.
വിവരം തരുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ഫോണ്‍: 0483-2712369.ഈ വര്‍ഷം 82 കേസുകളിലായി 35 കോടി വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വര്‍ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇതില്‍ 25 എണ്ണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്.
12 കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശകറന്‍സിയും പിടിച്ചിട്ടുണ്ട്.