മട്ടന്നൂർ: വേറിട്ട രീതികൾ ഉപയോഗിച്ച് സ്വർണക്കടത്ത് വ്യാപകമായതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം പിടികൂടിയത് 43 കോടിയോളം രൂപ വില വരുന്ന 67,461 ഗ്രാം സ്വർണം. ഇതുമായി ബന്ധപ്പെട്ട് 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
2023 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണിവ. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയായപ്പോൾ കടത്താൻ ശ്രമിച്ചത് 120 കോടി രൂപ വരുന്ന 240 കിലോയോളം സ്വർണം. 350 ലേറെ കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു.
ഡിആർഐ, കസ്റ്റംസ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഒരു കോടി രൂപയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നല്കും. ഇതു മനസിലാക്കിയാണ് മിക്ക സംഘങ്ങളും സ്വർണം കടത്തുന്നത്.
പിടികൂടാതിരിക്കാൻ സ്വർണക്കടത്തിനു പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് കടത്തുകാർ. വസ്ത്രത്തിലും ഹാർഡ് ബോർഡ് ബോക്സിലും അടക്കം തേച്ചുപിടിപ്പിച്ച് സ്വർണമിശ്രിതം കടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയിൽ എളുപ്പം പിടികൂടാൻ സാധ്യത കുറവായതിനാലാണ് ഈ രീതി കൂടുതൽ പേരും സ്വീകരിക്കുന്നതിന് പിന്നിൽ.
ട്രോളിക്കുള്ളിലും ചോക്ലേറ്റിനുള്ളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വർണം പിടികൂടിയിട്ടുണ്ട്. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ച് കടത്തുന്നതാണ് പതിവായ രീതി. വസ്ത്രത്തിൽ ബെൽറ്റിന്റെ ഭാഗത്തും മറ്റും തുന്നിച്ചേർത്തും സ്വർണം കടത്താറുണ്ട്.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് സ്വദേശികളാണ് കണ്ണൂരിൽ അറസ്റ്റിലാകുന്നവരിൽ ഏറെയും. കർണാടക, തമിഴ്നാട്, മുംബൈ സ്വദേശികളും പിടിയിലായിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ട്.
വിദേശത്തുനിന്നു കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിനുള്ളിലെ പരിശോധനയിൽ പിടിക്കപ്പെടാതെ വിമാനത്താവളത്തിനു പുറത്തേക്കെത്തുന്ന സ്വർണം തട്ടിയെടുക്കുന്നതും വ്യാപകമാണ്. ഈയൊരു സാഹചര്യത്തിലാണ് പോലീസും സ്വർണക്കടത്തുകാരെ നിരീക്ഷിക്കുന്നത്.
സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുളള സ്ക്വാഡും വിമാനത്താവള സ്റ്റേഷനിലെ പോലീസും വിമാനത്താവള പരിസരത്ത് മഫ്തിയിൽ നിരീക്ഷണത്തിലുണ്ട്. യാത്രക്കാരെ സ്വീകരിക്കാനെത്തുന്ന വിധത്തിലാണ് സ്ക്വാഡ് യാത്രക്കാരെ നിരീക്ഷിക്കുന്നത്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്തു പരിശോധിക്കും.
സ്വർണക്കടത്ത് തടയാനും കൊണ്ടുപോകുന്ന സ്വർണം തട്ടിപ്പറിക്കുന്നതും ഒഴിവാക്കുന്നതിനാണ് പോലീസ് മഫ്തിയിൽ വിമാനത്താവള പരിസരത്ത് യാത്രക്കാരെ നിരീക്ഷിക്കുന്നത്. കസ്റ്റംസിൽനിന്നും രക്ഷപ്പെടുന്ന സ്വർണക്കടത്തുക്കാരെ പിടികൂടുന്നതിനാണ് വിമാനത്താവളത്തിൽ പോലീസ് സ്ക്വാഡ് പ്രവർത്തിക്കുന്നത്.
ജിജേഷ് ചാവശേരി