മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപ വരുന്ന സ്വർണവുമായി രണ്ടു വിമാന യാത്രക്കാർ പിടിയിൽ.
ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര സ്വദേശി മഹമൂദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഒരു കോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നു പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും കടത്താൻ ശ്രമിച്ചത്.മഹമൂദിൽ നിന്നും 44 ലക്ഷം വരുന്ന 739 ഗ്രാം സ്വർണവും അബ്ദുൾ നിഷാറിൽ നിന്നും 64 ലക്ഷം രൂപ വിലമതിക്കുന്ന 1080 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. പരിശോധനയിൽ കസ്റ്റംസ് ഓഫീസർമാരായ ദീപക് മീന, രാധാകൃഷ്ണൻ, ഷെമ്മി, രാജശേഖർ, നിതേഷ്, ഗൗരവ് വത്സല, ബോബി എന്നിവർ പങ്കെടുത്തു.